വ്യാഴാഴ്ച ആരംഭിക്കുന്ന കേരള ക്രിക്കറ്റ് ലീഗിലെ മത്സരങ്ങൾ സുഗമമായി നടത്തുന്നതിനായി അനുഭവസമ്പന്നരായ അമ്പയർമാരുടെ ഉന്നത നിലവാരത്തിലുള്ള സംഘത്തെ കേരള ക്രിക്കറ്റ് അസോസിയേഷൻ സജ്ജമാക്കി. അന്താരാഷ്ട്ര തലത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച കെ.എൻ.
അനന്തപത്മനാഭൻ, ടോണി ഇമ്മട്ടി എന്നിവരുടെ നേതൃത്വത്തിലുള്ള 15 അംഗ സംഘമാണ് ഇത്തവണ മത്സര നിയന്ത്രണത്തിനായി കളത്തിലിറങ്ങുന്നത്. ടൂർണമെന്റിന്റെ നിലവാരം രാജ്യാന്തര തലത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രമുഖ പാനലിനെ അസോസിയേഷൻ തെരഞ്ഞെടുത്തിട്ടുള്ളത്.
ഈ സംഘത്തിലുള്ള 15 പേരിൽ 10 പേർ ബി.സി.സി.ഐ പാനലിൽ നിന്നുള്ളവരും ബാക്കി 5 പേർ സംസ്ഥാന പാനലിൽ ഉൾപ്പെട്ടവരുമാണ്. ഓരോ മത്സരത്തിനും ആകെ നാല് അമ്പയർമാരുടെ സേവനമാണ് ലഭ്യമാക്കിയിരിക്കുന്നത്.
ഗ്രൗണ്ടിൽ ഓൺഫീൽഡ് അമ്പയറിങ് നിർവഹിക്കുന്ന രണ്ട് പേർ ബി.സി.സി.ഐ പാനലിൽ നിന്നുള്ളവരായിരിക്കും. മത്സരങ്ങളിലെ റിവ്യൂകൾ കൃത്യമായി പരിശോധിച്ച് അന്തിമ തീരുമാനത്തിലെത്തുക എന്നതാണ് തേർഡ് അമ്പയറുടെ പ്രധാന ഉത്തരവാദിത്വം.
ഇതിനുപുറമേ, ഫോർത്ത് അമ്പയർ അഥവാ റിസർവ് അമ്പയറുടെ സേവനവും ഓരോ മത്സരത്തിലുമുണ്ടാകും. പന്തുകളുടെ സുരക്ഷ ഉറപ്പാക്കുക, ഡഗ് ഔട്ടിലേക്ക് ആവശ്യമായ നിർദ്ദേശങ്ങൾ കൈമാറുക തുടങ്ങിയ ഗ്രൗണ്ടിന് പുറത്തുള്ള ചുമതലകളാണ് റിസർവ് അമ്പയർമാർ നിർവഹിക്കുന്നത്.
ഏതെങ്കിലും സാഹചര്യത്തിൽ ഓൺഫീൽഡ് അമ്പയർമാർക്ക് ബുദ്ധിമുട്ടുകൾ നേരിടുകയാണെങ്കിൽ പകരം ചുമതലയേൽക്കേണ്ടതും ഇവരാണ്. മുൻ കേരള ടീം ക്യാപ്റ്റനും ഐ.സി.സി എലൈറ്റ് പാനലിൽ ഇടംനേടിയ ആദ്യ മലയാളി അമ്പയറുമായ കെ.എൻ.
അനന്തപത്മനാഭൻ കായിക കേരളത്തിന് എക്കാലത്തും അഭിമാനകരമായ നാമമാണ്. വിവിധ അന്താരാഷ്ട്ര മത്സരങ്ങളിലും ഐ.പി.എൽ ഉൾപ്പെടെയുള്ള പ്രമുഖ ട്വന്റി-20 ലീഗുകളിലും കളി നിയന്ത്രിച്ച് പരിചയസമ്പന്നനായ അദ്ദേഹത്തിന്റെ സാന്നിധ്യം ടൂർണമെന്റിന് വലിയ മുതൽക്കൂട്ടാകും.
ഐ.പി.എൽ, വനിതാ പ്രീമിയർ ലീഗ്, രഞ്ജി ട്രോഫി തുടങ്ങിയ പ്രധാന ടൂർണമെന്റുകളിൽ മികച്ച രീതിയിൽ അമ്പയറിങ് കാഴ്ചവെച്ച ടോണി ഇമ്മട്ടിയാണ് പാനലിലെ മറ്റൊരു പ്രമുഖൻ. ബി.സി.സി.ഐയുടെ ലെവൽ 2 അമ്പയർ കൂടിയാണ് അദ്ദേഹം.
ഇവരെ കൂടാതെ വിശ്വജിത്ത് ബി, നിധിൻ കെ, ശിവകുമാർ എ, അലി അസ്ഗർ, ഘനശ്യാം പ്രഭു, ഭരത് എം. എസ്, ജിഷ്ണു അജിത്, ശങ്കർ എസ്. എന്നിവരാണ് ബി.സി.സി.ഐ പാനലിൽ ഉൾപ്പെട്ടിരിക്കുന്ന മറ്റ് അമ്പയർമാർ.
മധുസൂദനൻ, അഖിൽ വേണുഗോപാൽ, വികാസ് അഗർവാൾ, ഹർഷാദ് ബേസിൽ, ജസ്റ്റിൻ മാടവന എന്നിവർ കെ.സി.എ പാനലിൽ നിന്നും ലീഗിന്റെ ഭാഗമാകുന്നു. കളികളിലെ തീരുമാനങ്ങൾ കൂടുതൽ കുറ്റമറ്റതാക്കുന്നതിനായി രാജ്യാന്തര മത്സരങ്ങളുടെ മാതൃകയിലുള്ള ‘ഹോക് ഐ’ സാങ്കേതികവിദ്യയാണ് ഇത്തവണ ഏർപ്പെടുത്തിയിട്ടുള്ളത്.
ഈ സംവിധാനം വരുന്നതോടെ സാങ്കേതികമായി കൂടുതൽ മികവ് പുലർത്താൻ സാധിക്കുമെന്ന് അമ്പയർ ശിവകുമാർ എ അഭിപ്രായപ്പെട്ടു. റിവ്യൂകൾ സൂക്ഷ്മമായി പരിശോധിച്ച് കൃത്യമായ തീരുമാനങ്ങളിലേക്ക് എത്താൻ ഇത് സഹായിക്കുമെന്നും, അതേസമയം അമ്പയർമാരുടെ ജോലി കൂടുതൽ വെല്ലുവിളി നിറഞ്ഞതായി മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യാന്തര നിലവാരമുള്ള അമ്പയർമാരും ആധുനിക സാങ്കേതികവിദ്യയും ഒത്തുചേരുന്നതോടെ ടൂർണമെന്റ് ഏറെ ആവേശകരമായിരിക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകരും ക്രിക്കറ്റ് പ്രേമികളും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

