ദേശീയ രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ച് കോക്റോച്ച് ജനത പാർട്ടി (സി ജെ പി) സ്ഥാപകൻ അഭിജീത് ദിപ്കെ. റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയിൽ (എ) ലയിക്കണമെന്ന കേന്ദ്രമന്ത്രി രാംദാസ് അത്തേവാലെയുടെ ഔദ്യോഗിക ക്ഷണം അദ്ദേഹം പരസ്യമായി നിരസിച്ചു.
ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണിയുടെ ഭാഗമാണ് ആർപിഐ (എ). “വെറും ഒരു മാസം മുമ്പ് വരെ ഞാൻ നിങ്ങൾക്ക് രാജ്യദ്രോഹിയായിരുന്നില്ലേ?” എന്ന രൂക്ഷമായ മറുചോദ്യമാണ് സാമൂഹിക മാധ്യമങ്ങളിലൂടെ അഭിജീത് ദിപ്കെ ഉന്നയിച്ചത്.
ഡോ. ബി ആർ അംബേദ്കറുടെ ആശയങ്ങൾ സാക്ഷാത്കരിക്കുന്നതിനായി അഭിജീത് ദിപ്കെ തങ്ങളുടെ പാർട്ടിയിൽ ചേരണമെന്നായിരുന്നു രാംദാസ് അത്തേവാലെയുടെ ആവശ്യം.
യുവനേതാവായ ദിപ്കെ ഒപ്പം ചേരുന്നത് സംഘടനയെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. തെറ്റ് ചെയ്യുന്നവർക്ക് അർഹമായ ശിക്ഷ ലഭിക്കുന്ന ഭരണസംവിധാനമാണ് കേന്ദ്രത്തിലുള്ളതെന്ന അവകാശവാദവും മന്ത്രി ഉന്നയിച്ചിരുന്നു.
നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് ഡൽഹി ജന്തർമന്തറിൽ വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. എന്നാൽ, പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ ബിജെപി നേതാക്കളും അനുയായികളും രാജ്യദ്രോഹി മുദ്രകുത്തുന്നതിനെതിരെ അഭിജീത് ദിപ്കെ ശക്തമായ നിലപാടാണ് സ്വീകരിച്ചിരുന്നത്.
ജെൻ സി തലമുറയെ രാജ്യദ്രോഹികളെന്ന് വിളിക്കരുതെന്ന ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് നടത്തിയ പരാമർശത്തിന് പിന്നാലെ, ഈ സന്ദേശം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി നേതാക്കൾക്കും എത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി. “ധർമേന്ദ്ര പ്രധാൻ ജെൻ സിയെ ഭീകരവാദികളുടെ ബി-ടീം എന്നും നിതിൻ നബിൻ വൈറസ് എന്നും വിശേഷിപ്പിച്ചു.
ആർഎസ്എസിനെതിരായി ബിജെപി എന്തെങ്കിലും പറയുകയോ നിലപാടെടുക്കുകയോ ചെയ്യാൻ സാധ്യതയില്ലാത്തതിനാൽ, അവർ ഇപ്പോൾ മോഹൻ ഭാഗവത് ജിയുടെ വാക്കുകൾ കേൾക്കുകയും അവ മാനിക്കുകയും ചെയ്യുമെന്ന് ഞാൻ കരുതുന്നു” എന്ന് അഭിജീത് ദിപ്കെ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ മത്സരിക്കാൻ തനിക്ക് താല്പര്യമില്ലെന്നും സി ജെ പിയെ ശക്തമായ ഒരു ജനകീയ പ്രസ്ഥാനമായി മുന്നോട്ട് കൊണ്ടുപോകാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.
നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ ജനങ്ങൾക്ക് തെരഞ്ഞെടുപ്പ് പ്രക്രിയയിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്ത് രാഷ്ട്രീയ പാർട്ടികളെ പിളർത്തുന്നതും വോട്ടർമാരെ തഴയുന്നതും നിലനിൽക്കെ പുതിയ പാർട്ടികൾ രൂപീകരിച്ചതുകൊണ്ട് മാത്രം കാര്യമില്ലെന്നും, രാജ്യത്തിന് യഥാർത്ഥത്തിൽ ഒരു പൊതുജന പ്രസ്ഥാനമാണ് ആവശ്യമെന്നും അഭിജീത് ദിപ്കെ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

