സംസ്ഥാനത്തെ പൊതുമേഖലാ ഗതാഗത സ്ഥാപനമായ കെഎസ്ആർടിസിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങൾ പുറത്തുവന്നു.
വിവരാവകാശ രേഖകൾ പ്രകാരമുള്ള കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 2026 സെപ്റ്റംബർ 14 വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ, സ്വിഫ്റ്റ് ഉൾപ്പെടെ ആകെ 5,755 ബസുകളാണ് കോർപ്പറേഷന്റെ പക്കലുള്ളത്.
എന്നാൽ ഇതിൽ 665 ബസുകൾ വിവിധ അറ്റകുറ്റപ്പണികൾക്കായി സർവീസിൽ നിന്നും മാറ്റിയിരിക്കുകയാണ്. അപേക്ഷകനായ മുഹമ്മദ് അഷറഫ് എ എസ് നൽകിയ അപേക്ഷയ്ക്ക് സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ നൽകിയ മറുപടിയിലാണ് ഈ വിവരങ്ങൾ ഉൾപ്പെട്ടിരിക്കുന്നത്.
ലഭ്യമായ ആകെ ബസുകളിൽ ഭൂരിഭാഗവും ഓർഡിനറി വിഭാഗത്തിലാണ്—2,988 എണ്ണം. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് (സി എഫ്) സംബന്ധമായ അറ്റകുറ്റപ്പണികൾ, അപകടങ്ങളെ തുടർന്നുളള കേടുപാടുകൾ തീർക്കൽ എന്നിവയ്ക്കായി വിവിധ യൂണിറ്റുകളിലും വർക്ക്ഷോപ്പുകളിലുമായി ആകെ 665 ബസുകളാണ് കട്ടപ്പുറത്തുള്ളത്.
ഇതിൽ 281 ഓർഡിനറി ബസുകളും, 58 ജെഎൻഎൻയുആർഎം നോൺ-എസി ബസുകളും, 50 ഫാസ്റ്റ് പാസഞ്ചറുകളും ഉൾപ്പെടുന്നു. കൂടാതെ, ഏഴ് വാഹനങ്ങൾ പോലീസ് കസ്റ്റഡിയിലാണെന്നും രേഖകൾ വ്യക്തമാക്കുന്നു.
കാലാവധി കഴിഞ്ഞ പഴഞ്ചൻ ബസുകളാണ് സർവീസുകളിൽ അധികവും ഉള്ളതെന്ന വസ്തുതയും ഇതിലൂടെ സ്ഥിരീകരിക്കപ്പെടുന്നുണ്ട്. 1,892 ഓർഡിനറി ബസുകളും 22 ജെൻറം വോൾവോ ലോ ഫ്ലോർ എസി ബസുകളും ഉൾപ്പെടെ ആകെ 1,914 ബസുകൾ 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ളവയാണ്.
കാലപ്പഴക്കം ചെന്നതും കൂടുതൽ അറ്റകുറ്റപ്പണികൾ ആവശ്യമുള്ളതുമായ ഇത്തരം വാഹനങ്ങൾ സെൻട്രൽ അല്ലെങ്കിൽ റീജിയണൽ വർക്ക്ഷോപ്പുകൾ വഴി വിദഗ്ധ സമിതി പരിശോധിച്ച ശേഷമാണ് തുടർനടപടികളിലേക്ക് കടക്കുന്നത്. ഈ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എം/എസ് എം.എസ്.ടി.സി (M/s MSTC) മുഖേനയാണ് വാഹനങ്ങൾ ലേലം ചെയ്ത് ഒഴിവാക്കുന്നത്.
നിലവിൽ ഇത്തരത്തിലുള്ള 82 ബസുകൾ സ്ക്രാപ്പ് ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇതിനുപുറമെ, സ്ഥാപനത്തിന്റെ വരവ്-ചെലവ് കണക്കുകളും ബാധ്യതകളും സംബന്ധിച്ച വിവരങ്ങളും ലഭ്യമായിട്ടുണ്ട്.
കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) ഓഡിറ്റ് ചെയ്ത ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2023 മാർച്ച് 31 വരെയുള്ള ബാലൻസ് ഷീറ്റ് അനുസരിച്ച് കെഎസ്ആർടിസിയുടെ ആകെ ബാധ്യതകളും ആസ്തികളും 20,157 കോടിയിലധികം രൂപയാണ് (2,01,57,07,66,549.65 രൂപ). ഡിപ്പോകളിൽ നിന്നും സബ് ഡിപ്പോകളിൽ നിന്നുമുള്ള വാടകയിനത്തിലുള്ള വരവ് സംബന്ധിച്ച വിശദാംശങ്ങൾ ഓഫീസിൽ നേരിട്ടെത്തി പരിശോധിക്കാവുന്നതാണെന്നും വിവരാവകാശ മറുപടിയിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

