പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്കുഗതാഗതത്തിലെ അനിശ്ചിതത്വം തുടരുന്നു. ഇറാനുമായി യാതൊരുവിധ ചർച്ചകൾക്കുമില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.
അതേസമയം, കടലിടുക്ക് വീണ്ടും തുറക്കണമെങ്കിൽ അമേരിക്ക തങ്ങളുടെ മേൽ ഏർപ്പെടുത്തിയിരിക്കുന്ന സാമ്പത്തിക ഉപരോധങ്ങൾ പിൻവലിക്കണമെന്ന കർശന നിലപാടിലാണ് ഇറാൻ ഭരണകൂടം. പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ ആഗോള വിപണിയിൽ എണ്ണവില കുത്തനെ ഉയരുകയാണ്.
ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 91 ഡോളർ കടന്നിട്ടുണ്ട്. ഗൾഫ് മേഖലയ്ക്ക് പുറത്തുള്ള സുരക്ഷിത കേന്ദ്രങ്ങളിൽ അടിയന്തര എണ്ണ സംഭരണം വർധിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് സൗദി അറേബ്യയും യുഎഇയും.
ഇതിന്റെ ഭാഗമായി ജപ്പാനിലുള്ള തങ്ങളുടെ എണ്ണശേഖരം പത്തിരട്ടിയായി ഉയർത്താനുള്ള നടപടികൾക്ക് തുടക്കമിട്ടിട്ടുണ്ട്. അതേസമയം, ഉപരോധം നീക്കുന്നതിന്റെ ഭാഗമായി ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനായി അമേരിക്കയും ഒമാനും ഇറാനുമായി പ്രത്യേകം കൂടിയാലോചനകൾ നടത്തിവരികയാണ്.
ഒമാനുമായുള്ള കരാർ അന്തിമഘട്ടത്തോട് അടുക്കുകയാണെന്ന് ഇറാനിയൻ അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ സഖ്യകക്ഷിയായ ഒമാന്റെ ഈ നീക്കത്തിനെതിരെ രൂക്ഷമായ ഭാഷയിലാണ് അമേരിക്കൻ പ്രസിഡന്റ് പ്രതികരിച്ചത്.
ഹോർമുസ് കടലിടുക്ക് തുറക്കാനുള്ള ഒമാന്റെ ശ്രമങ്ങൾ അമേരിക്കൻ താൽപര്യങ്ങൾക്ക് എതിരാണെങ്കിൽ ആ രാജ്യത്തിനെതിരെ ബോംബാക്രമണം നടത്തുമെന്നായിരുന്നു ഡൊണാൾഡ് ട്രംപിന്റെ ഭീഷണി. കഴിഞ്ഞ ഫെബ്രുവരിയിൽ യുഎസും ഇസ്രായേലും ചേർന്ന് ഇറാനിൽ നടത്തിയ സൈനികാക്രമണത്തിന് പിന്നാലെയാണ് ഇറാൻ ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടച്ചത്.
ഹോർമുസിന്റെ തെക്കൻ ഭാഗത്ത് അതിർത്തി പങ്കിടുന്ന ഒമാൻ, നിലവിലെ സംഘർഷത്തിൽ പൂർണ്ണ നിഷ്പക്ഷത പാലിക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും ഇറാനിൽ നിന്നും രാജ്യത്തിന് നേരെ പലതവണ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതിനിടയിലാണ് പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി ഒമാൻ ഇറാനുമായി നിർണായക ചർച്ചകൾക്ക് കളത്തിലിറങ്ങിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

