ദേശീയ പരീക്ഷാ ഏജൻസിയുടെ (എൻടിഎ) പ്രവർത്തനങ്ങളിൽ സമൂലമായ മാറ്റങ്ങൾ വരുത്തുന്നതിന്റെ ഭാഗമായി പരീക്ഷാ സംഘം അഴിച്ചുപണിയാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ഇതിന്റെ ആദ്യഘട്ടമായി ഏകദേശം 600 വിദഗ്ധരെ ഒഴിവാക്കുകയും പകരം പുതിയ വിദഗ്ധരെ നിയമിക്കുകയും ചെയ്തിട്ടുണ്ട്.
ചോദ്യപേപ്പർ പരിശോധന കൂടുതൽ കുറ്റമറ്റതാക്കുന്നതിനായി നാലുഘട്ട (Four Tier) സംവിധാനമാണ് പുതുതായി നടപ്പാക്കുന്നത്.
ഇതിന്റെ ഭാഗമായി ഇരുപത്തഞ്ചോളം ഉദ്യോഗസ്ഥരെ അടുത്ത രണ്ടോ ആഴ്ചയ്ക്കുള്ളിൽ പുതിയതായി നിയമിക്കും. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട
വിവിധ വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ എൻടിഎയുടെ ഓഫീസുകൾ പുതിയ കെട്ടിടത്തിലേക്ക് അടിയന്തരമായി മാറ്റാനും തീരുമാനമായിട്ടുണ്ട്. പുതിയ കെട്ടിടത്തിന് സിഐഎസ്എഫ് സുരക്ഷ ശക്തമാക്കാനും ഉത്തരവിട്ടിട്ടുണ്ട്.
പരീക്ഷകൾ സുഗമമായി നടത്തുന്നതിനും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സുരക്ഷയും ഉറപ്പാക്കാനും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകി.
കഴിഞ്ഞദിവസം പരീക്ഷാ നടത്തിപ്പിലെ വീഴ്ചകളെ തുടർന്ന് യുജിസി നെറ്റ് പരീക്ഷ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും ഈ കടുത്ത നടപടികൾ ഉണ്ടായിരിക്കുന്നത്.
വീഴ്ചകൾക്ക് ഉത്തരവാദികളായവർക്കെതിരെ കർശനമായ നടപടിയുണ്ടാകുമെന്ന് എൻടിഎ വ്യക്തമാക്കിയിട്ടുണ്ട്. പരീക്ഷാ നടത്തിപ്പ് കൂടുതൽ സുതാര്യവും കുറ്റമറ്റതുമാക്കുമെന്നും വിദ്യാർത്ഥികളുടെ താൽപര്യം പൂർണ്ണമായി സംരക്ഷിക്കുന്ന തരത്തിലുള്ള മാറ്റങ്ങൾ നടപ്പാക്കുമെന്നും അധികൃതർ അറിയിച്ചു.
പരീക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി എൻടിഎ അധികൃതരുമായി ഉന്നതല യോഗം ചേർന്നിരുന്നു. പരീക്ഷാ പ്രോട്ടോക്കോളുകൾ കർശനമായി പാലിക്കണമെന്നും മന്ത്രി നിർദേശിച്ചു.
എല്ലാ പരീക്ഷാ നടപടികളും സമഗ്രമായ ഓഡിറ്റിന് വിധേയമാക്കണമെന്നും, ആവശ്യമായ തിരുത്തൽ നടപടികളുടെ റിപ്പോർട്ട് സമർപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെടുകയുണ്ടായി. യുജിസി നെറ്റ് പരീക്ഷയിലെ ഗുരുതരമായ പിഴവുകളെ തുടർന്ന് മൂന്ന് പ്രധാന വിഷയങ്ങളിൽ പുനഃപരീക്ഷ നടത്താൻ ദേശീയ പരീക്ഷാ ഏജൻസി തീരുമാനിച്ചിട്ടുണ്ട്.
ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി എന്നീ വിഷയങ്ങളിലാണ് വീണ്ടും പരീക്ഷ നടത്തുന്നത്. ഈ പരീക്ഷകൾ സെപ്റ്റംബർ 9, 10 തീയതികളിൽ നടക്കുമെന്ന് എൻടിഎ അറിയിച്ചു.
സെപ്റ്റംബർ 9-ന് രാവിലെ 9 മുതൽ 12 വരെയുള്ള ഒന്നാം ഷിഫ്റ്റിൽ ഇംഗ്ലീഷ് പരീക്ഷയും, ഉച്ചയ്ക്ക് ശേഷം 3 മുതൽ 6 വരെ കൊമേഴ്സ് പരീക്ഷയും നടക്കും. സോഷ്യോളജി പരീക്ഷ സെപ്റ്റംബർ 10-ന് രാവിലെ 9 മുതൽ 12 വരെയാണ് ക്രമീകരിച്ചിരിക്കുന്നത്.
പരീക്ഷയെക്കുറിച്ച് ഉദ്യോഗാർത്ഥികളിൽ നിന്ന് വ്യാപകമായ പരാതികൾ ഉയർന്ന പശ്ചാത്തലത്തിലാണ് എൻടിഎയുടെ ഈ തിരുത്തൽ നടപടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

