ഡൽഹി∙ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ ശക്തമായ പശ്ചാത്തലത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ കടുത്ത സമ്മർദ്ദത്തിൽ. ഇതിന്റെ ഭാഗമായി അദ്ദേഹം നേരിട്ട് പങ്കെടുത്ത് വിവിധ സംസ്ഥാനങ്ങളിൽ നടത്താൻ നിശ്ചയിച്ചിരുന്ന യുവസമ്പർക്ക പരിപാടികളും ബൂത്ത് ലവൽ ഓഫിസർമാർക്കുള്ള പരിശീലനപരിപാടികളും താൽക്കാലികമായി മാറ്റി വെച്ചു.
പരാതികൾ ഉയർന്നു വന്നിട്ടുള്ള വിഷയങ്ങളിൽ തിരുത്തൽ നടപടികൾ തിരക്കിട്ട് പുരോഗമിക്കുന്നുണ്ടെങ്കിലും വിവിധ കോണുകളിൽ നിന്നുള്ള പ്രതിഷേധം കൂടുതൽ ശക്തമാവുകയാണ്. പ്രതിപക്ഷ കക്ഷികളുടെ നേതൃത്വത്തിൽ ഡൽഹിയിൽ കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന പ്രതിഷേധ സമരങ്ങളുടെ അലയൊലികൾ രാജ്യത്തുടനീളം പ്രകടമാണ്.
വരുന്ന 10 മുതൽ ജന്തർ മന്തറിൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ വിദ്യാർഥി സംഘടനകളുടെ പ്രവർത്തകർ ഇതിനോടകം തന്നെ ഡൽഹിയിൽ എത്തിച്ചേർന്നിട്ടുണ്ട്.
ഇവർ കൂടി സമരത്തോടൊപ്പം ചേരുന്നതോടെ കേന്ദ്ര സർക്കാരിന് അവഗണിക്കാൻ സാധിക്കാത്ത വിധം പ്രക്ഷോഭം വലുതാകും. ലക്ഷക്കണക്കിന് വോട്ടർമാരെ ബാധിച്ച വിഷയങ്ങൾ നിലനിൽക്കുന്നതിനാൽ ഡൽഹിയിലെ പൊതുജനങ്ങളുടെ പിന്തുണയും ഈ സമരത്തിന് ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഔദ്യോഗികമായി സമരത്തിൽ പങ്കെടുക്കുന്നില്ലെങ്കിലും ആം ആദ്മി പാർട്ടിയും ഡിഎംകെയും പ്രക്ഷോഭ രംഗത്ത് സജീവമായി തുടരുന്നത് ഭരണകേന്ദ്രങ്ങൾക്ക് വലിയ തലവേദനയായി മാറിയിട്ടുണ്ട്. ഫോം 6ൽ മാറ്റങ്ങൾ വരുത്തിയെന്ന പരാതികൾ, തിരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ നിയമന രീതികൾ, ഗ്യാനേഷ് കുമാർ ഏകപക്ഷീയമായി തീരുമാനങ്ങൾ എടുത്തു എന്ന ആക്ഷേപങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് നിരവധി ഹർജികളാണ് കോടതികളുടെ പരിഗണനയ്ക്ക് എത്തിയിട്ടുള്ളത്.
ഗ്യാനേഷ് കുമാറിനും മകൾ മേധാ രൂപത്തിനും എതിരെയുള്ള കേസുകളിൽ ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ പുറപ്പെടുവിച്ച വിധിയെ പരോക്ഷമായി വിമർശിച്ചുകൊണ്ട് സുപ്രീം കോടതി റിട്ട. ജസ്റ്റിസ് അഭയ് എസ്.ഓക്ക രംഗത്ത് എത്തിയത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഗ്യാനേഷ് കുമാറിന്മേലുള്ള സമ്മർദ്ദം കൂടുതൽ ഇരട്ടിയാക്കിയിരിക്കുകയാണ്.
മാധ്യമങ്ങളുമായി നിരന്തരം ആശയവിനിമയം നടത്തിയിരുന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ മീഡിയ വിഭാഗം കഴിഞ്ഞ രണ്ടാഴ്ചയായി പൂർണ്ണമായ മൗനത്തിലാണ്. കേരളത്തിൽ പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെ തുടങ്ങിയ കാര്യങ്ങളിൽ വിശദീകരണം തേടി ബന്ധപ്പെട്ടെങ്കിലും ഗ്യാനേഷ് കുമാർ പ്രതികരിക്കാൻ തയാറായില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

