മാസപ്പടി കേസുമായി ബന്ധപ്പെട്ട് കോഴിക്കോട്ടെ വിവിധ സ്ഥാപനങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വീണ്ടും പരിശോധന നടത്തുന്നതിനിടയിൽ ‘ലേക്കർ ഇന്ത്യ കോർപ്’ എന്ന സ്ഥാപനം വീണ്ടും വാർത്തകളിൽ ഇടംപിടിക്കുന്നു. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ ടി.വീണയുടെ പങ്കാളിത്തത്തിലുള്ള സ്ഥാപനമാണ് കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലേക്കർ ഇന്ത്യ.
കഴിഞ്ഞ മേയ് 27 ന് വീണയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ പിടിച്ചെടുത്ത ചില രേഖകളുടെ അടിസ്ഥാനത്തിൽ, ലേക്കർ ഇന്ത്യ കോർപിന്റെ അക്കൗണ്ടിൽ 15,57,414 രൂപ ഉണ്ടായിരുന്നതായി ഇ.ഡി കണ്ടെത്തിയിരുന്നു. ഇ.ഡി പരിശോധനയിലൂടെയാണ് ഇത്തരത്തിലുള്ള ഒരു സ്ഥാപനം വീണയുടെ പങ്കാളിത്തത്തിൽ പ്രവർത്തിക്കുന്നുണ്ടെന്ന വിവരം പുറത്തുവന്നത്.
2023 ലാണ് ഈ സ്ഥാപനം ആരംഭിച്ചത്. പങ്കാളിത്ത അടിസ്ഥാനത്തിൽ റജിസ്റ്റർ ചെയ്തിരിക്കുന്നത് വീണയുടെ പേരിൽ തന്നെയാണ്.
കോഴിക്കോട് പന്തീരാങ്കാവിലെ മണക്കടവ് റോഡിലെ കൊടൽ നടക്കാവ് 7/451 ആണ് ഈ സ്ഥാപനത്തിന്റെ വിലാസം. ഓഫിസ്, വെയർഹൗസ്, ഡിപ്പോ, റീട്ടെയ്ൽ ബിസിനസ്, ഹോൾസെയ്ൽ ബിസിനസ് എന്നിവയാണ് സ്ഥാപനത്തിന്റെ പ്രധാന പ്രവർത്തനങ്ങളായി രേഖപ്പെടുത്തിയിട്ടുള്ളത്.
എന്നാൽ, ഇവിടെ പ്രധാനമായും മെഡിക്കൽ ഉപകരണങ്ങളുടെ വിതരണമാണ് നടക്കുന്നതെന്നാണ് ഇ.ഡി പരിശോധനയിൽ വ്യക്തമായത്. ഇന്നലെ ഇ.ഡി പരിശോധന നടത്തിയ സർജിക്കൽസ് കമ്പനിയുടെ ഉടമ ഈ സ്ഥാപനത്തിൽ പങ്കാളിയാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന്റെ സ്ഥാപനത്തിലും വീട്ടിലും അടുത്ത ബന്ധുവിന്റെ പങ്കാളിത്തത്തിലുള്ള മറ്റൊരു സ്ഥാപനത്തിലും അന്വേഷണ സംഘം പരിശോധന നടത്തിയത്.
വീണയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന എക്സാലോജിക് കമ്പനിക്ക് യാതൊരു സേവനവും നൽകാതെ തന്നെ കരിമണൽ കമ്പനിയിൽ നിന്ന് മാസപ്പടി ലഭിച്ചുവെന്ന വിവരം പുറത്തുവന്നതോടെയാണ് വീണയുമായി ബന്ധപ്പെട്ട മറ്റ് കമ്പനികളിലേക്കും അന്വേഷണം വ്യാപിപ്പിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

