നെയ്യാറ്റിൻകര നഗരസഭയിലെ പെരുമ്പഴുതൂർ ജംക്ഷൻ വികസനത്തിന്റെ ഭാഗമായുള്ള പുതിയ ചന്തയുടെ നിർമാണം വൈകുന്നതായി വ്യാപക പരാതി. 2.20 കോടി രൂപ ചെലവിട്ട് ചണ്ഡിഗഡ് മാതൃകയിൽ നടപ്പിലാക്കാൻ ലക്ഷ്യമിട്ടിരുന്ന പദ്ധതി അട്ടിമറിച്ചുവെന്നാണ് പ്രധാന ആക്ഷേപം.
എത്രയും പെട്ടെന്ന് നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും ആവശ്യം. പെരുമ്പഴുതൂരിൽ ഇരുനില കെട്ടിടമായി മാർക്കറ്റ് നിർമിക്കാനായിരുന്നു പ്രാരംഭ തീരുമാനം.
ഇതിൽ 12 കടമുറികളും, കൂടാതെ പച്ചക്കറി, മീൻ, ഇറച്ചി എന്നിവയ്ക്കായുള്ള പ്രത്യേക സ്റ്റാളുകളും വിഭാവനം ചെയ്തിരുന്നു. ഇതിൽ 12 കടമുറികൾ പെരുമ്പഴുതൂർ ജംക്ഷൻ വികസനത്തിന്റെ ഭാഗമായി കടകൾ നഷ്ടപ്പെട്ട് ഒഴിപ്പിക്കപ്പെട്ട
വ്യാപാരികൾക്ക് പുനരധിവാസത്തിന്റെ ഭാഗമായി നൽകാനായിരുന്നു അന്നത്തെ തീരുമാനം. ഈ പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ ഔദ്യോഗിക അംഗീകാരവും ലഭിച്ചിരുന്നു.
നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാനുള്ള അന്തിമ ഘട്ടത്തിലേക്ക് കടന്നപ്പോഴാണ് പ്രാരംഭ പദ്ധതി ഉപേക്ഷിച്ചതായി പുറത്തുവന്നത്. മുൻ കൗൺസിലിന്റെ കാലത്താണ് ചണ്ഡിഗഡിലെ വലിയ മാർക്കറ്റ് സംവിധാനത്തിന്റെ മാതൃകയിൽ പെരുമ്പഴുതൂരിൽ ചന്ത നിർമിക്കാൻ തീരുമാനിച്ചത്.
ഇതിനായുള്ള വിശദമായ പദ്ധതി രേഖ തയാറാക്കിയത് ഹെർമിറ്റ് ഡിസൈൻ സ്റ്റുഡിയോ ആണ്. നഗരസഭയുടെ പുതിയ ശ്മശാനം, പെരുമ്പഴുതൂർ ജംക്ഷൻ വികസനം എന്നിവയുടെ രൂപരേഖ തയാറാക്കിയതും ഇതേ ഏജൻസിയാണ്.
2.20 കോടി രൂപ അടങ്കൽ തുകയുള്ള പദ്ധതിക്കായി 1.20 കോടി രൂപ നഗരസഭയുടെ സ്വന്തം വരുമാനത്തിൽ നിന്നും ബാക്കി 1 കോടി രൂപ വായ്പയായി കണ്ടെത്താനുമായിരുന്നു തീരുമാനം. ഇതിനായുള്ള പ്രാഥമിക നടപടികൾ മുൻ ചെയർമാൻ പി.കെ.രാജ്മോഹന്റെ ഭരണകാലത്ത് പൂർത്തിയായിരുന്നു.
എന്നാൽ പിന്നീട് കൗൺസിൽ മാറിവന്നതോടെ പദ്ധതി രൂപത്തിൽ മാറ്റം വരുത്തിയെന്നാണ് ഉയരുന്ന പ്രധാന ആരോപണം. അതേസമയം, പദ്ധതി പൂർണമായി ഉപേക്ഷിച്ചു എന്ന തരത്തിലുള്ള പ്രചാരണങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് നഗരസഭ അധികൃതർ വ്യക്തമാക്കി.
ഭാവിയിലെ വികസന സാധ്യതകൾ മുൻനിർത്തി കെട്ടിടത്തിന്റെ പ്ലാനിൽ ചില ഭേദഗതികൾ വരുത്തുക മാത്രമാണ് ചെയ്തത്. ഈ മാറ്റങ്ങൾ കൗൺസിലിന്റെ പൂർണ്ണമായ അനുമതിയോടെയാണ് നടപ്പിലാക്കുന്നത്.
നിലവിലുണ്ടായിരുന്ന ‘ചണ്ഡിഗഡ് മാതൃക’ പ്രകാരം രണ്ടാം നിലയുടെ മുകളിൽ ഷീറ്റ് മേൽക്കൂര ഇടാനായിരുന്നു തീരുമാനം. എന്നാൽ പുതിയ ഭേദഗതി പ്രകാരം ഭാവിയിൽ കെട്ടിടം കൂടുതൽ നിലകളിലേക്ക് ഉയർത്തുന്നതിനുള്ള അടിത്തറയാണ് ഇപ്പോൾ നിർമിക്കുന്നത്.
ഈ മാറ്റങ്ങൾ മൂലം മൊത്തത്തിലുള്ള നിർമാണ ചെലവുകളിൽ വലിയ വർദ്ധനവ് ഉണ്ടാകില്ലെന്നും ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

