കുവൈത്തിലെ സർക്കാർ, സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ വേഷവിധാനത്തിൽ സമഗ്രമായ മാറ്റങ്ങൾ വരുത്തിക്കൊണ്ട് ആരോഗ്യ മന്ത്രാലയം ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചു. മന്ത്രാലയ ഉത്തരവ് നമ്പർ 70/2026 പ്രകാരമാണ് പുതിയ ചട്ടങ്ങൾ നിലവിൽ വരുന്നത്.
ആരോഗ്യ സേവന രംഗത്തെ പ്രൊഫഷണലിസം വർധിപ്പിക്കുന്നതിനും, രോഗി സുരക്ഷയും അണുബാധ നിയന്ത്രണവും കർശനമാക്കുന്നതിനുമായാണ് ഈ നടപടി സ്വീകരിച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കി. ഡോക്ടർമാർ, നഴ്സുമാർ, ഫാർമസിസ്റ്റുകൾ, ടെക്നീഷ്യൻമാർ, അനുബന്ധ ആരോഗ്യപ്രവർത്തകർ, എഞ്ചിനീയർമാർ, എമർജൻസി മെഡിക്കൽ സർവീസ് വിഭാഗം തുടങ്ങിയ വിവിധ തസ്തികകളിലുള്ളവർക്കായി പ്രത്യേകം യൂണിഫോം മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്.
പുതിയ മാർഗനിർദേശങ്ങളിലെ പ്രധാന വിവരങ്ങൾ: പുരുഷന്മാർക്കും സ്ത്രീകൾക്കും ഇസ്ലാമിക് വനിതാ ജീവനക്കാർക്കും പ്രത്യേകം രൂപകൽപ്പന ചെയ്ത മൂന്ന് തരം മെഡിക്കൽ സ്ക്രബുകളാണ് അംഗീകരിച്ചിട്ടുള്ളത്. നഴ്സിംഗ് വിഭാഗം ജീവനക്കാർക്ക് ഏകീകൃത യൂണിഫോം നിർബന്ധമാക്കിയിട്ടുണ്ട്.
രോഗികളെ നേരിട്ട് പരിചരിക്കുന്ന വേളയിൽ ജീൻസ്, ദിഷ്ദാഷ എന്നിവ ധരിക്കുന്നത് കർശനമായി നിരോധിച്ചു. മെഡിക്കൽ കോട്ടുകൾ അയഞ്ഞതും മുട്ടുവരെയെത്തുന്ന നീളമുള്ളതുമായിരിക്കണം.
കറുപ്പ് അല്ലെങ്കിൽ ഇരുണ്ട നീല നിറത്തിലുള്ള ജാക്കറ്റുകൾ ധരിക്കാൻ അനുവാദമുണ്ട്.
രോഗി പരിചരണ സമയത്ത് അബായയുടെ മുകളിൽ മെഡിക്കൽ കോട്ട് ധരിക്കുന്നതിനും തടസ്സമില്ല. ആരോഗ്യ സ്ഥാപനങ്ങൾക്ക് പുറത്തേക്ക് മെഡിക്കൽ യൂണിഫോമോ ലാബ് കോട്ടോ ധരിച്ച് സഞ്ചരിക്കുന്നത് വിലക്കിയിട്ടുണ്ട്.
എന്നാൽ ഹോം വിസിറ്റുകൾ, ഫീൽഡ് സന്ദർശനങ്ങൾ തുടങ്ങിയ ഔദ്യോഗിക ആവശ്യങ്ങൾക്ക് മാത്രമാണ് ഇതിൽ ഇളവ് നൽകിയിരിക്കുന്നത്. വ്യക്തിശുചിത്വം സംബന്ധിച്ചും കർശന നിർദേശങ്ങളുണ്ട്.
നഖങ്ങൾ വൃത്തിയായും ചെറുതായും സൂക്ഷിക്കണം. രോഗികളെ നേരിട്ട് പരിചരിക്കുന്നവർ കൃത്രിമ നഖങ്ങൾ ധരിക്കാൻ പാടില്ല.
മുടി ഭംഗിയായി കെട്ടിവെക്കണമെന്നും, ലളിതമായ ആഭരണങ്ങൾ മാത്രമേ അനുവദിക്കൂ എന്നും നിർദേശത്തിലുണ്ട്. പാദരക്ഷകളുടെ കാര്യത്തിലും വ്യക്തമായ മാനദണ്ഡങ്ങൾ ഏർപ്പെടുത്തി.
അടഞ്ഞതും വഴുക്കാത്തതുമായ ഷൂകൾ നിർബന്ധമാണ്; നഴ്സിംഗ് ജീവനക്കാർ കറുത്ത നിറത്തിലുള്ള ഷൂ തന്നെ ധരിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

