സൗദി അറേബ്യയിലെ ഔദ്യോഗിക കാലാവധി പൂർത്തിയാക്കി ന്യൂഡൽഹിയിലെ വിദേശകാര്യ മന്ത്രാലയത്തിലേക്ക് മടങ്ങുന്ന ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാന് പ്രവാസി ഇന്ത്യൻ സമൂഹം ആദരവോടെ യാത്രയയപ്പ് നൽകി.
റിയാദ് ഒലയയിലെ ഹോളിഡേ ഇൻ അൽ ഖസർ ഹോട്ടലിൽ വെച്ച് വെള്ളിയാഴ്ച രാത്രി നടന്ന ചടങ്ങിൽ വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്ന സാമൂഹിക പ്രവർത്തകരും സന്നദ്ധ സംഘടനകളും പങ്കെടുത്തു. ഓൾ ഇന്ത്യ സ്റ്റീയറിങ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ തനിക്ക് ലഭിച്ച സ്നേഹനിർഭരമായ യാത്രയയപ്പിന് ഡോ.
സുഹേൽ അജാസ് ഖാൻ നന്ദി രേഖപ്പെടുത്തി. സൗദിയിലെ പ്രവാസി സമൂഹത്തിന്റെ സന്നദ്ധ പ്രവർത്തനങ്ങളെയും ഇന്ത്യൻ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവരുടെ കൂട്ടായ ശ്രമങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.
ഇന്ത്യ-സൗദി അറേബ്യ ബന്ധം ദൃഢമാക്കുന്നതിൽ പ്രവാസി സമൂഹത്തിന്റെ പങ്ക് നിർണ്ണായകമാണെന്നും, ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക-വാണിജ്യ ഇടപാടുകളിൽ ഇന്ത്യൻ ബിസിനസ് സമൂഹം വഹിക്കുന്ന ഉത്തരവാദിത്തങ്ങൾ വലുതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഭാവിയിലും പ്രവാസി സമൂഹത്തിന് എംബസിയുടെ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമായി ലഭ്യമാകുമെന്ന് അദ്ദേഹം ഉറപ്പുനൽകി.
എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ അബു മാത്തൻ ജോർജ്, സ്റ്റീയറിങ് കമ്മിറ്റിയംഗങ്ങളായ ശിഹാബ് കൊട്ടുകാട്, നിയാസ് അഹമ്മദ്, മിസ്ബാഹുൽ ആരിഫീൻ, കെ.എം. കനകലാൽ, മുഹമ്മദ് മുബീൻ, റെവേൽ ആൻറണി, മുഹമ്മദ് ജബ്ബാർ, ഗുലാം ഖാൻ, സന്തോഷ് ഷെട്ടി, അൻവർ ഖുർഷിദ് എന്നിവർ ആശംസകൾ നേർന്നു.
കൺവീനർ മുഹമ്മദ് സൈഗം ഖാൻ സ്വാഗതവും അബ്ദുൽ അഹദ് സിദ്ദീഖി നന്ദിയും പ്രസംഗിച്ചു. ഇനാമുള്ള ബേയ്ഗ് ആയിരുന്നു പരിപാടിയുടെ അവതാരകൻ.
1997 ബാച്ച് ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ ഡോ. സുഹേൽ അജാസ് ഖാൻ 2023 ജനുവരി 16-നാണ് സൗദിയിൽ ഇന്ത്യൻ അംബാസഡറായി ചുമതലയേറ്റത്.
ഈ മാസം അവസാനത്തോടെ അദ്ദേഹം റിയാദിൽ നിന്നുള്ള മടക്കയാത്ര നടത്തും. നിലവിൽ ഖത്തറിലെ ഇന്ത്യൻ അംബാസഡറായ വിപുൽ ആയിരിക്കും അദ്ദേഹത്തിന് പകരമായി സൗദിയിലെ പുതിയ അംബാസഡറായി ചുമതലയേൽക്കുക.
ആഗസ്റ്റ് പകുതിയോടെ പുതിയ അംബാസഡർ റിയാദിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

