സംസ്ഥാന സർക്കാർ അവതരിപ്പിച്ച കന്നി ബജറ്റിൽ ചലച്ചിത്ര മേഖലയ്ക്കായി പ്രഖ്യാപിച്ച ആനുകൂല്യങ്ങളും പദ്ധതികളും സിനിമാ ലോകം വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്. ബജറ്റിലെ നിർദ്ദേശങ്ങളെ സ്വാഗതം ചെയ്തുകൊണ്ട് പ്രമുഖ താരം മമ്മൂട്ടി സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചു.
‘മലയാള ചലച്ചിത്ര വേദിക്ക് വാഗ്ദാനം ചെയ്ത എല്ലാ ആനുകൂല്യങ്ങൾക്കും പുതിയ സർക്കാരിന് നന്ദി…എല്ലാം വേഗത്തിൽ നടപ്പിലാകട്ടെ..’ എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. മമ്മൂട്ടിയെ കൂടാതെ മോഹൻലാൽ, പൃഥ്വിരാജ് തുടങ്ങിയവരും സർക്കാരിന്റെ തീരുമാനങ്ങളിൽ നന്ദി അറിയിച്ച് രംഗത്തെത്തിയിരുന്നു.
ചലച്ചിത്ര മേഖലയെ വ്യവസായമായി പരിഗണിച്ചതും കൊച്ചിയിൽ ഫിലിം സിറ്റി സ്ഥാപിക്കുമെന്ന പ്രഖ്യാപനവുമാണ് സിനിമാ പ്രവർത്തകർക്കിടയിൽ ഏറെ ചർച്ചയാകുന്നത്. സാമ്പത്തിക പ്രതിസന്ധി, നിർമ്മാണ ചെലവിലെ വർദ്ധനവ്, നികുതി ഭാരം എന്നിവ സംബന്ധിച്ച് സിനിമാ സംഘടനകൾ നേരത്തെ തന്നെ സർക്കാരുകൾക്ക് മുന്നിൽ നിവേദനങ്ങൾ സമർപ്പിച്ചിരുന്നു.
നൂറുകണക്കിന് കോടി രൂപയുടെ ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ടുകൾ പുറത്തുവരുമ്പോഴും, നിർമ്മാണം മുതൽ പ്രദർശനം വരെയുള്ള ഘട്ടങ്ങളിൽ വലിയ സാമ്പത്തിക നഷ്ടം നേരിടുന്ന അവസ്ഥയിലായിരുന്നു ഈ മേഖല. കൊച്ചിയിൽ സർക്കാർ സംവിധാനത്തിൽ ഫിലിം സിറ്റി യാഥാർത്ഥ്യമാകുന്നതോടെ, പോസ്റ്റ് പ്രൊഡക്ഷൻ രംഗത്തെ ചെലവുകൾ കുറയ്ക്കാൻ സാധിക്കുമെന്നാണ് നിർമ്മാതാക്കളുടെ കണക്കുകൂട്ടൽ.
മിക്ക ചിത്രങ്ങളുടെയും പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ കൊച്ചിയിൽ കേന്ദ്രീകരിച്ചിരിക്കുന്നതിനാൽ, പുതിയ സംവിധാനം വലിയ ആശ്വാസമാകും. വ്യവസായമെന്ന പദവി ലഭിക്കുന്നതിലൂടെ നികുതി സംബന്ധമായ ആശങ്കകൾക്കും വലിയൊരളവ് പരിഹാരമാകുമെന്ന് സംഘടനകൾ കരുതുന്നു.
നിലവിൽ കൊച്ചി സിനിമാ വ്യവസായത്തിന്റെ കേന്ദ്രമായതിനാൽ, ഈ പദ്ധതി മറ്റ് ജില്ലകളെ ബാധിക്കില്ലെന്നും അടിസ്ഥാന സൗകര്യങ്ങളും യാത്രാ സൗകര്യങ്ങളും കൂടുതൽ അനുകൂലമായ സ്ഥലമാണ് ഇതെന്നും സിനിമാ സംഘടനകൾ വ്യക്തമാക്കുന്നു. പ്രഖ്യാപനങ്ങൾ പ്രായോഗിക തലത്തിൽ നടപ്പിലാക്കുമ്പോൾ അവയുടെ ഗുണദോഷങ്ങൾ കൂടുതൽ വ്യക്തമാകുമെങ്കിലും, നീണ്ടകാലമായുള്ള ആവശ്യങ്ങൾ സർക്കാർ പരിഗണിച്ചതിൽ ചലച്ചിത്ര പ്രവർത്തകർക്ക് വലിയ ആത്മവിശ്വാസമാണുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

