തിരഞ്ഞെടുപ്പ് കമ്മിഷനിൽ വ്യവസ്ഥാപിതമായ പരിഷ്കരണങ്ങൾ നടപ്പിലാക്കണമെന്നും ആവശ്യങ്ങൾ ഉന്നയിച്ചും വരുന്ന ഒക്ടോബർ 10ന് ഡൽഹി ജന്തർ മന്ദറിൽ വൻ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്ന് സിജെപി പ്രഖ്യാപിച്ചു. പ്രക്ഷോഭത്തിന്റെ ഭാഗമായി ബുധനാഴ്ച ഡൽഹി പൊലീസിന് ഔദ്യോഗികമായി കത്ത് നൽകിയതായി സിജെപി കോ കൺവീനർ സൗരവ് ദാസ് വ്യക്തമാക്കി.
വലിയ തോതിലുള്ള ജനപങ്കാളിത്തം പ്രതീക്ഷിക്കുന്നതിനാൽ ആവശ്യമായ ഗതാഗത ക്രമീകരണങ്ങളും ക്രമസമാധാന പാലനവും ഉറപ്പാക്കണമെന്ന് പൊലീസിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ‘ഡൽഹി ചലോ’ ആഹ്വാനത്തിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുവാക്കൾ അന്നേദിവസം ഒത്തുകൂടും.
പൊലീസിൽ നിന്ന് അനുമതി പത്രം കൈപ്പറ്റിയിട്ടുണ്ടെന്നും ഇതിനായുള്ള മുഴുവൻ നടപടിക്രമങ്ങളും പൂർത്തിയായിട്ടുണ്ടെന്നും സൗരവ് ദാസ് അറിയിച്ചു. ഇതൊരു നീണ്ട
പോരാട്ടമാണെന്നും എല്ലാവരും ബാഗുകൾ പാക്ക് ചെയ്ത് പ്രതിഷേധത്തിലേക്ക് കടന്നുവരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ‘‘ഗ്യാനേഷ് കുമാർ രാജിവെച്ചൊഴിഞ്ഞാലും ഞങ്ങൾ ഈ സമരം അവസാനിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ല.
തിരഞ്ഞെടുപ്പ് കമ്മിഷനിൽ കൃത്യമായ പരിഷ്കരണങ്ങൾ അനിവാര്യമാണ്. പ്രത്യേക വോട്ടർപട്ടിക പുതുക്കൽ പ്രക്രിയ താൽക്കാലികമായി നിർത്തിവെക്കുകയും ഈ കാലയളവിൽ എടുത്ത നിയമവിരുദ്ധ നടപടികളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുകയും വേണം.
ഗ്യാനേഷ് കുമാറിനെ പോലുള്ള വ്യക്തികൾ ഇത്തരം സുപ്രധാന പദവികളിൽ തുടരുന്നില്ലെന്ന് സർക്കാർ ഉറപ്പുവരുത്തണം. അല്ലാത്തപക്ഷം ഞങ്ങൾ ഇവിടെനിന്നും പിന്മാറില്ല’’ – സൗരവ് ദാസ് മുന്നറിയിപ്പ് നൽകി.
വോട്ടർപട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷനും ബിജെപിയും തമ്മിൽ ഒത്തുകളിക്കുകയാണെന്ന് ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (ഐസ) പ്രസിഡന്റ് നേഹ ബോറ കുറ്റപ്പെടുത്തി. രാജ്യത്തെ വിദ്യാർഥി സംഘടനകളും ഇന്ത്യ മുന്നണിയും ഒരു വശത്തും, തിരഞ്ഞെടുപ്പ് കമ്മിഷനും ബിജെപിയും മറുവശത്തുമാണ് നിലകൊള്ളുന്നത് എന്ന് അവർ പറഞ്ഞു.
ചരിത്രത്തിന്റെ ശരിയായ ഭാഗത്ത് നിൽക്കാൻ താൽപ്പര്യമുള്ളവർ ബിജെപി ബന്ധം ഉപേക്ഷിക്കണമെന്നും നേഹ ബോറ ആവശ്യപ്പെട്ടു. ഒക്ടോബർ 10ന് നടക്കാനിരിക്കുന്ന പ്രതിഷേധത്തിൽ വിവിധ സംഘടനകൾ ഒറ്റക്കെട്ടായി അണിനിരക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
സിജെപിയുടെ പ്രധാന ആവശ്യങ്ങൾ:
1. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ ഉടൻ രാജിവെക്കണം, കൂടാതെ അദ്ദേഹത്തിനെതിരെ കർശനമായ ക്രിമിനൽ നടപടികൾ സ്വീകരിക്കുക.
2.
പ്രത്യേക വോട്ടർപട്ടിക പുതുക്കൽ പ്രക്രിയ (എസ്ഐആർ) പൂർണ്ണമായി മരവിപ്പിക്കുക, വരാനിരിക്കുന്ന എല്ലാ തിരഞ്ഞെടുപ്പുകളും താൽക്കാലികമായി നിർത്തിവയ്ക്കുക, 2025 ജനുവരിയിലെ വോട്ടർപട്ടിക മുൻകാല പ്രാബല്യത്തോടെ പുനഃസ്ഥാപിക്കുക, സ്വതന്ത്രമായ ഉന്നതല അന്വേഷണത്തിന് ഉത്തരവിടുക.
3. 2023ലെ തിരഞ്ഞെടുപ്പ് കമ്മിഷൻ നിയമന നിയമം പൂർണ്ണമായി റദ്ദാക്കിക്കൊണ്ട് സുതാര്യവും വിശ്വസനീയവുമായ പുതിയ തിരഞ്ഞെടുപ്പ് പ്രക്രിയ പുനഃസ്ഥാപിക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

