മൂന്ന് പതിറ്റാണ്ടിലേറെയായി തിരുവനന്തപുരം നഗരത്തിന്റെ സാംസ്കാരിക മുഖമുദ്രയായ അന്താരാഷ്ട്ര ചലച്ചിത്ര മേള (ഐഎഫ്എഫ്കെ) കൊച്ചിയിലേക്ക് മാറ്റാൻ സർക്കാർ ആലോചിക്കുന്നതായി സൂചന. 2026-27 സാമ്പത്തിക വർഷത്തേക്കുള്ള പുതുക്കിയ ബജറ്റിൽ കൊച്ചിയിൽ 100 കോടി രൂപ ചെലവിൽ ‘ജെ സി ഡാനിയേൽ ഇന്റർനാഷണൽ ഫിലിം സിറ്റി’ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചതാണ് ചർച്ചകൾക്ക് തുടക്കമിട്ടത്.
ഈ പദ്ധതിയുടെ ഭാഗമായി മേളയ്ക്ക് സ്ഥിരം വേദി ഒരുക്കുമെന്ന ബജറ്റ് പ്രഖ്യാപനം മേളയുടെ നടത്തിപ്പ് കേന്ദ്രം മാറുമെന്ന ആശങ്ക വർദ്ധിപ്പിച്ചിരിക്കുകയാണ്. മേളയുടെ വേദി മാറ്റാനുള്ള സർക്കാർ തീരുമാനം വലിയ സാങ്കേതിക പ്രതിസന്ധികൾക്ക് വഴിവെക്കുമെന്ന് ചലച്ചിത്ര പ്രേമികൾ മുന്നറിയിപ്പ് നൽകുന്നു.
‘ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻസിന്റെ’ അക്രഡിറ്റേഷൻ ലഭിച്ച മേളയാണ് ഐഎഫ്എഫ്കെ. ഈ അന്താരാഷ്ട്ര അംഗീകാരം നിലനിർത്തണമെങ്കിൽ നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്.
വേദി മാറ്റുന്നത് ഈ അക്രഡിറ്റേഷൻ നഷ്ടപ്പെടാൻ കാരണമാകുമെന്നാണ് ഉയരുന്ന പ്രധാന വാദം. നേരത്തെ കോവിഡ് കാലത്ത് മേള നാല് മേഖലകളിലായി നടത്തിയപ്പോൾ വലിയ വിവാദങ്ങൾ ഉയർന്നിരുന്നു.
അന്ന് ഈ നീക്കം മേളയെ തലസ്ഥാനത്ത് നിന്ന് മാറ്റാനുള്ള ഗൂഢശ്രമമാണെന്ന് ആരോപിച്ച് ശശി തരൂർ എംപിയും കെ എസ് ശബരീനാഥനും ഉൾപ്പെടെയുള്ളവർ പ്രതിഷേധിച്ചിരുന്നു. അന്ന് സാംസ്കാരിക വകുപ്പും ചലച്ചിത്ര അക്കാദമിയും തിരുവനന്തപുരം തന്നെയായിരിക്കും സ്ഥിരം വേദിയെന്ന് ഉറപ്പു നൽകിയതോടെയാണ് പ്രതിഷേധം കെട്ടടങ്ങിയത്.
തിരുവനന്തപുരത്തെ ടാഗോർ തിയേറ്റർ, കൈരളി-ശ്രീ-നിള, കലാഭവൻ എന്നീ തിയേറ്ററുകളും നിശാഗന്ധിയും നൽകുന്ന സവിശേഷമായ അന്തരീക്ഷം മറ്റൊരിടത്തും ലഭ്യമല്ലെന്ന് സിനിമാ കൂട്ടായ്മകൾ ചൂണ്ടിക്കാട്ടുന്നു. നഗരത്തിലെ തിയേറ്ററുകൾക്കിടയിൽ നടന്നു പോകാൻ കഴിയുന്ന സാഹചര്യവും വിദേശ പ്രതിനിധികൾക്കുള്ള സൗകര്യങ്ങളും പരിഗണിച്ച് മേള തലസ്ഥാനത്ത് തന്നെ തുടരണമെന്നാണ് ആവശ്യം.
ഈ പുതിയ തീരുമാനത്തിനെതിരെ സാമൂഹ്യമാധ്യമങ്ങളിലും സാംസ്കാരിക രംഗത്തും ശക്തമായ പ്രതിഷേധം ഉയർന്നുകഴിഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

