കോഴിക്കോട് മെഡിക്കൽ കോളജിൽ നിപ ചികിത്സയിൽ കഴിയുന്ന രോഗിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടതിനെത്തുടർന്ന് നിരീക്ഷണത്തിലായിരുന്ന മൂന്നുപേരെ ഡിസ്ചാർജ് ചെയ്തു. ഇതോടെ രോഗിയുമായി പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട
എല്ലാവരും ആശുപത്രി വിട്ടു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് പരിശോധനയ്ക്ക് വിധേയരാക്കിയ 14 പേരുടെ ഫലങ്ങളും നെഗറ്റീവ് ആണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്ന ഒരു ആരോഗ്യ പ്രവർത്തകയുടെ സാമ്പിൾ ഇന്ന് പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. നിപ ബാധിതനായ രോഗി നിലവിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ വെൻറിലേറ്ററിൽ ചികിത്സയിൽ തുടരുകയാണ്.
സമ്പർക്കപ്പട്ടികയിൽ ഇന്ന് പുതിയതായി ആരെയും ഉൾപ്പെടുത്തിയിട്ടില്ല. നിലവിൽ 104 പേരാണ് നിരീക്ഷണത്തിലുള്ളത്.
ഇതിൽ 4 പേർ അതീവ റിസ്ക് വിഭാഗത്തിലും, 14 പേർ ഉയർന്ന റിസ്ക് വിഭാഗത്തിലും, 86 പേർ കുറഞ്ഞ റിസ്ക് വിഭാഗത്തിലുമാണ് ഉൾപ്പെട്ടിട്ടുള്ളത്. രാമനാട്ടുകര മുനിസിപ്പാലിറ്റി അഞ്ചാം ഡിവിഷനിലെ 56 വീടുകളിൽ ആരോഗ്യ പ്രവർത്തകർ ഇന്ന് നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
ജില്ലാ കൺട്രോൾ റൂമിലൂടെ പൊതുജനങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ നൽകി വരുന്നുണ്ട്. ഇതുവരെ 88 ഫോൺ കോളുകളാണ് കൺട്രോൾ റൂമിൽ ലഭിച്ചത്.
ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി 118 പേർക്ക് പ്രത്യേക കൗൺസിലിംഗും പിന്തുണയും ഉറപ്പാക്കി. അതേസമയം, സംസ്ഥാനത്ത് ഷിഗെല്ല രോഗബാധ വർധിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ഇന്ന് 10 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. കോഴിക്കോട് (3), തിരുവനന്തപുരം (2), തൃശൂർ (2), മലപ്പുറം (2), പാലക്കാട് (1) എന്നിങ്ങനെയാണ് പുതിയ കണക്കുകൾ.
ജൂൺ മാസത്തിൽ മാത്രം സംസ്ഥാനത്ത് 120 ഷിഗെല്ല കേസുകളും 5 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. ഈ വർഷം ഇതുവരെ ആകെ 196 പേർക്കാണ് രോഗം ബാധിച്ചത്.
കോഴിക്കോട്, വയനാട്, തൃശൂർ, ആലപ്പുഴ എന്നീ ജില്ലകളിൽ നിലവിൽ രോഗവ്യാപനം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

