2026-2027 സാമ്പത്തിക വർഷത്തേക്കുള്ള പുതുക്കിയ സംസ്ഥാന ബജറ്റ് ധനകാര്യ വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി വി.ഡി.സതീശൻ നിയമസഭയിൽ അവതരിപ്പിച്ചു. ജനവിധിയിലൂടെ അധികാരത്തിൽ എത്തിയ സർക്കാർ പുതുയുഗ കേരളം കെട്ടിപ്പടുക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് മുഖ്യമന്ത്രി ബജറ്റ് അവതരണത്തിന് തുടക്കം കുറിച്ചത്.
എന്നാൽ, സർക്കാരിന്റെ പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയിരുന്ന സുപ്രധാനമായ അഞ്ച് ഗ്യാരണ്ടികളിൽ പലതും നടപ്പിലാക്കുന്നതിൽ ബജറ്റ് മൗനം പാലിച്ചു. പ്രത്യേകിച്ച്, കോളേജ് വിദ്യാർഥിനികൾക്ക് പ്രതിമാസം ആയിരം രൂപ നൽകുമെന്ന വാഗ്ദാനം ഇത്തവണത്തെ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടില്ല.
കൂടാതെ, യുവ സംരംഭകർക്കുള്ള പലിശരഹിത വായ്പ പദ്ധതിയെക്കുറിച്ചും ബജറ്റിൽ പരാമർശമില്ല. ഇന്ദിരാ ഗാരണ്ടി പദ്ധതിയുടെ ഭാഗമായ 25 കോടി രൂപയുടെ ഉമ്മൻചാണ്ടി ആരോഗ്യ പരിരക്ഷ പദ്ധതിക്കായി പ്രാരംഭ നടപടികൾ എന്ന നിലയിൽ 10 കോടി രൂപ മാത്രമാണ് വകയിരുത്തിയത്.
കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, കുടുംബങ്ങൾക്ക് 25 ലക്ഷം രൂപയുടെ ഇൻഷുറൻസ്, 3000 രൂപ ക്ഷേമ പെൻഷൻ തുടങ്ങിയ പ്രഖ്യാപനങ്ങളും ബജറ്റിൽ സ്ഥാനം പിടിച്ചില്ല. സർക്കാർ ജീവനക്കാരെ സംബന്ധിച്ചും ബജറ്റിൽ കാര്യമായ ശുഭവാർത്തകളില്ല.
മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പ് പരിഷ്കരിക്കുമെന്ന പ്രഖ്യാപനം മാത്രമാണ് ജീവനക്കാർക്കായി ഉണ്ടായത്. ലീവ് സറണ്ടർ വിഷയത്തിൽ ഉചിതമായ തീരുമാനമെടുക്കുമെന്നും ബജറ്റിൽ വ്യക്തമാക്കി.
അതേസമയം, നിലവിലെ പങ്കാളിത്ത പെൻഷൻ പദ്ധതിയിലെ അപാകതകൾ പരിഗണിച്ച് അതിൽ മാറ്റം വരുത്താൻ സർക്കാർ തീരുമാനിച്ചു. ശമ്പള പരിഷ്കരണ കമ്മീഷൻ, വിരമിക്കൽ പ്രായം വർധിപ്പിക്കൽ എന്നിവയെക്കുറിച്ച് ബജറ്റിൽ യാതൊരു പരാമർശവുമില്ല.
മുൻ ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ച ഡി.എ കുടിശ്ശിക മുൻകാല പ്രാബല്യത്തോടെ 8 ഗഡുക്കളായി നൽകുമെന്ന വാഗ്ദാനത്തിന് വിപരീതമായി, ഈ ബജറ്റിൽ 2 ഗഡുക്കൾ മാത്രമാണ് അനുവദിച്ചിട്ടുള്ളത്.
ഇത് പൂർണ്ണമായി നടപ്പാക്കാൻ 9000 കോടിയിലധികം രൂപ ആവശ്യമായി വരുമെന്നാണ് കണക്കാക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

