സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനമായ കെഎസ്ആർടിസി, തങ്ങളുടെ സേവന നിലവാരം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ ഫീഡ്ബാക്ക് സംവിധാനത്തിന് തുടക്കം കുറിച്ചു. യാത്രക്കാർക്ക് തങ്ങളുടെ യാത്രാനുഭവങ്ങളും നിർദേശങ്ങളും നേരിട്ട് അധികൃതരെ അറിയിക്കാൻ അവസരമൊരുക്കുന്നതിനായി കെഎസ്ആർടിസി ചലോ (KSRTC Chalo) മൊബൈൽ ആപ്പിലാണ് ഈ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്.
യാത്ര പൂർത്തിയായ ശേഷം ഉപയോക്താക്കൾക്ക് തങ്ങളുടെ അനുഭവം ആപ്പ് മുഖേന രേഖപ്പെടുത്താവുന്നതാണ്. ബസിലെ സൗകര്യങ്ങൾ, കൃത്യസമയം, യാത്രാ സുരക്ഷ, ശുചിത്വം, ജീവനക്കാരുടെ പെരുമാറ്റം, യാത്രാസൗകര്യം തുടങ്ങിയ വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കി റേറ്റിംഗ് നൽകാനും അഭിപ്രായങ്ങൾ പങ്കുവെക്കാനും ഇതിലൂടെ സാധിക്കും.
പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി ഗുണഭോക്താക്കൾ ഉൾപ്പെടെയുള്ള എല്ലാ യാത്രക്കാർക്കും ഈ സേവനം ഉപയോഗപ്പെടുത്താമെന്ന് അധികൃതർ വ്യക്തമാക്കി. ആപ്പിലൂടെ ലഭിക്കുന്ന വിവരങ്ങൾ കേന്ദ്രീകൃത സംവിധാനത്തിലൂടെ വിശകലനം ചെയ്യുകയും, ഓരോ സർവീസിന്റെയും പ്രകടനം വിലയിരുത്തുകയും ചെയ്യും.
മികച്ച സേവനം കാഴ്ചവെക്കുന്ന ജീവനക്കാരെയും സർവീസുകളെയും തിരിച്ചറിയാനും, പരാതികൾ പരിഹരിച്ച് സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും ഈ വിവരങ്ങൾ സഹായകരമാകും. പ്രത്യേകിച്ച് പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി ആരംഭിച്ചതിന് ശേഷം ബസുകളിൽ വനിതാ യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഈ സാഹചര്യത്തിൽ വനിതാ യാത്രക്കാരുടെ സുരക്ഷയും സൗകര്യങ്ങളും കൂടുതൽ ഉറപ്പുവരുത്തുന്നതിനും, അവരുടെ അഭിപ്രായങ്ങൾ പരിഗണിച്ച് പദ്ധതിയുടെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും ഈ ഫീഡ്ബാക്ക് സംവിധാനം നിർണായകമാകുമെന്ന് കെഎസ്ആർടിസി അറിയിച്ചു. സുരക്ഷിതവും സമയബന്ധിതവും യാത്രീസൗഹൃദവുമായ പൊതുഗതാഗത സേവനം ഉറപ്പാക്കുകയാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

