ദേശീയപാത നിർമാണ പ്രവർത്തനങ്ങൾക്കിടെ ജലഅതോറിറ്റിയുടെ പ്രധാന പൈപ്പ്ലൈൻ തകർന്നു. ശാസ്താംകോട്ടയിൽ നിന്ന് കൊല്ലത്തേക്കുള്ള ജലവിതരണ ശൃംഖലയിലെ 750 എംഎം കാസ്റ്റ് അയേൺ പൈപ്പാണ് മണ്ണുമാന്തി യന്ത്രം ഉപയോഗിക്കുന്നതിനിടെ തകരാറിലായത്.
ഇന്നലെ വൈകിട്ട് ശക്തികുളങ്ങര കുരിശടിക്കു സമീപമാണ് സംഭവം നടന്നത്. ഇതിനെത്തുടർന്ന് നീണ്ടകര, ശക്തികുളങ്ങര എന്നിവിടങ്ങളിൽ ജലവിതരണം പൂർണമായും നിലച്ചു.
കൊല്ലം കോർപറേഷൻ പരിധിയിലെ വിവിധ ഭാഗങ്ങളിലും കുടിവെള്ള വിതരണത്തെ ബാധിച്ചിട്ടുണ്ട്. പൈപ്പ്ലൈനിലെ വെള്ളം പൂർണമായും ഒഴുക്കിക്കളഞ്ഞ ശേഷം മാത്രമേ അറ്റകുറ്റപ്പണികൾ ആരംഭിക്കാൻ സാധിക്കുകയുള്ളൂ.
ഇന്നു രാവിലെയോടെ പൈപ്പ് മാറ്റിസ്ഥാപിക്കുന്നതിനുള്ള പ്രവൃത്തികൾ ആരംഭിക്കുമെന്ന് ജലവിഭവ വകുപ്പ് അധികൃതർ അറിയിച്ചു. സംഭവത്തിൽ മന്ത്രി ഷിബുബേബിജോണും ജില്ലാ കലക്ടറും അടിയന്തരമായി ഇടപെട്ടിട്ടുണ്ട്.
യുദ്ധകാലാടിസ്ഥാനത്തിൽ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ജലവിതരണം പുനഃസ്ഥാപിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
ദേശീയപാത വികസനത്തിന്റെ ഭാഗമായി പഴയ പൈപ്പ്ലൈനിൽ നിന്ന് പുതിയതിലേക്ക് ഇന്റർ കണക്ഷനുകൾ മാറ്റുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടു ദിവസമായി നീണ്ടകരയിൽ ജലവിതരണം തടസ്സപ്പെട്ടിരുന്നു. ഇന്നലെ രാത്രിയോടെ ഇത് പൂർത്തിയാക്കി ജലവിതരണം പുനഃസ്ഥാപിക്കുമെന്ന് അധികൃതർ ഉറപ്പ് നൽകിയിരുന്നെങ്കിലും, തൊട്ടുപിന്നാലെ പൈപ്പ് തകർന്നത് പ്രതിസന്ധി രൂക്ഷമാക്കി.
ജലവിതരണം തടസ്സപ്പെട്ട നീണ്ടകര പഞ്ചായത്തിൽ ഇന്ന് ടാങ്കറുകൾ വഴി ശുദ്ധജലം വിതരണം ചെയ്യുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബി.ശിവലാൽ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

