തിരുവനന്തപുരം: വന്യജീവിയുടെ തോൽ അനധികൃതമായി കൈവശം വെച്ച കേസിൽ രണ്ട് യുവാക്കളെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. വള്ളക്കടവ് കാരാളി പാലത്തിന് സമീപം ആറുവരമ്പിൽ വീട്ടിൽ ഗോകുൽ (32), വെങ്ങാനൂർ ചാരുവിളയിൽ അനന്തുഭവനിൽ അനന്തു (23) എന്നിവരെയാണ് പരുത്തിപ്പള്ളി വനം റേഞ്ച് ഉദ്യോഗസ്ഥർ പിടികൂടിയത്.
കഴിഞ്ഞ ദിവസം വൈകിട്ട് ആറുവരമ്പിൽ കുളത്തിന് സമീപം ഗോകുൽ സഞ്ചരിച്ചിരുന്ന വെസ്പ സ്കൂട്ടർ അപകടത്തിൽപ്പെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. അപകടത്തിൽ സ്കൂട്ടറിന്റെ സീറ്റ് ഇളകിത്തെറിക്കുകയും, ഇതിനുള്ളിൽ സൂക്ഷിച്ചിരുന്ന പുള്ളിമാന്റെ തോൽ റോഡിലേക്ക് വീഴുകയുമായിരുന്നു.
ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വിവരം ചോദ്യം ചെയ്യാൻ ശ്രമിച്ചെങ്കിലും ഗോകുൽ സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു.
ഉടൻതന്നെ നാട്ടുകാരുടെ വിവരമനുസരിച്ച് സ്ഥലത്തെത്തിയ പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും മാൻതോലും സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഗോകുൽ പിടിയിലായത്.
സ്കൂട്ടറിന്റെ ഉടമയും ഗോകുലിന്റെ സുഹൃത്തുമായ അനന്തുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. തിരുവനന്തപുരം സിറ്റിയിലെ ഒരു വീട് ഒഴിഞ്ഞുപോകുന്ന സമയത്ത് അവിടെനിന്നാണ് മാൻതോൽ ലഭിച്ചതെന്നും, ഇത് പിന്നീട് സ്കൂട്ടറിന്റെ സീറ്റിനടിയിൽ സൂക്ഷിക്കുകയായിരുന്നുവെന്നുമാണ് പ്രതികളുടെ മൊഴി.
സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യം വനം വകുപ്പ് വിശദമായി അന്വേഷിച്ചു വരികയാണ്. പരുത്തിപ്പള്ളി റേഞ്ച് ഓഫീസർ വിബിൻ ചന്ദ്രൻ വി യുടെ നേതൃത്വത്തിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ പ്രദീപ്, ലിജോമോൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ വിഷ്ണു, രാജു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

