കേരളത്തിന്റെ ഔദ്യോഗിക ഫലമായ ചക്കയ്ക്ക് വിപണിയിൽ വൻ വിലത്തളർച്ച നേരിടുന്നതായി കർഷകരുടെ പരാതി. ഉൽപാദന വർധനവും കയറ്റുമതി മേഖലയിലുണ്ടായ പ്രതിസന്ധികളുമാണ് നിലവിലെ സ്ഥിതിക്ക് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
മലയോര മേഖലകളിൽ വർഷം മുഴുവൻ വിളവ് നൽകുന്ന പ്ലാവുകൾ വ്യാപകമായതോടെ ഉൽപാദനത്തിൽ കുതിച്ചുചാട്ടമുണ്ടായി. എന്നാൽ, ഇതിനനുസരിച്ചുള്ള വിപണന സാധ്യതകൾ പ്രയോജനപ്പെടുത്താൻ സാധിക്കാത്തത് കർഷകരെ ദുരിതത്തിലാക്കി.
പൊതുവിപണിയിൽ ഉയർന്ന ചില്ലറ വിൽപന വിലയുണ്ടെങ്കിലും, ഇടനിലക്കാർ വഴി കർഷകർക്ക് ലഭിക്കുന്ന മൊത്തവില കിലോയ്ക്ക് 20 രൂപയിൽ താഴെയായി ചുരുങ്ങി. കഴിഞ്ഞ വർഷങ്ങളിൽ ഇതേ സീസണിൽ 40 മുതൽ 60 രൂപ വരെ ലഭിച്ചിരുന്ന സ്ഥാനത്താണിത് വലിയ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്.
പശ്ചിമേഷ്യൻ രാജ്യങ്ങളിലെ യുദ്ധസാഹചര്യങ്ങൾ ചക്കയുടെയും മൂല്യവർധിത ഉൽപന്നങ്ങളുടെയും കയറ്റുമതിയെ സാരമായി ബാധിച്ചു. കൂടാതെ, പാചകവാതക വിലയിലുണ്ടായ വർധന ചെറുകിട
സംരംഭങ്ങളെയും പ്രതികൂലമായി ബാധിച്ചതോടെ ചിപ്സ്, ഹൽവ, പൾപ്പ് തുടങ്ങിയ ഉൽപന്നങ്ങളുടെ നിർമാണവും കുറഞ്ഞു. അയൽസംസ്ഥാനമായ തമിഴ്നാട്ടിൽ കേരളത്തിൽ നിന്നുള്ള ചക്കയ്ക്ക് മികച്ച ഡിമാൻഡ് തുടരുന്നുണ്ടെന്നതാണ് ശ്രദ്ധേയം.
കേരളത്തിലെ തോട്ടങ്ങളിൽ നിന്ന് തുച്ഛമായ വിലയ്ക്ക് സംഭരിക്കുന്ന ചക്കകൾ വൻതോതിൽ തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുന്നുണ്ട്. അവിടെ എത്തുമ്പോൾ മൂപ്പെത്തിയ ചക്കയ്ക്കും ഇടിയൻ ചക്കയ്ക്കും കിലോയ്ക്ക് 300 മുതൽ 400 രൂപ വരെയാണ് ഈടാക്കുന്നത്.
പഴുത്ത വരിക്കച്ചക്കയുടെ ചുളകൾക്ക് എണ്ണം പറഞ്ഞാണ് വിപണനം നടക്കുന്നത്; ഒരു ചുളയ്ക്ക് 5 രൂപ വരെ ഉപഭോക്താക്കൾ നൽകേണ്ടി വരുന്നു. സംസ്ഥാനത്ത് ചക്കയുടെ ലഭ്യത ധാരാളമാണെങ്കിലും, കൃത്യമായ സംഭരണ സംവിധാനങ്ങളോ സർക്കാർ തലത്തിലുള്ള പ്രോസസിങ് പ്ലാന്റുകളോ ഇല്ലാത്തത് കർഷകർക്ക് തിരിച്ചടിയാകുന്നു.
വലിയ നിക്ഷേപം നടത്തി പ്ലാവ് കൃഷിയിലേക്ക് ഇറങ്ങിയ കർഷകർക്ക് അർഹമായ വില ലഭിക്കാത്തത് മേഖലയിൽ വലിയ ആശങ്ക ഉയർത്തുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

