അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോൾ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറുകയാണ് പേസർ പ്രിൻസ് യാദവ്. ഐപിഎൽ 2026 സീസണിൽ ആർസിബി ഇതിഹാസം വിരാട് കോലിയെ അവിശ്വസനീയമായ ഇൻസ്വിംഗറിലൂടെ ക്ലീൻ ബൗൾഡാക്കിയതോടെയാണ് 24 വയസ്സുകാരനായ ഈ താരം ക്രിക്കറ്റ് പ്രേമികളുടെ ശ്രദ്ധയാകർഷിക്കുന്നത്.
തന്റെ കഠിനാധ്വാനത്തിനുള്ള അംഗീകാരമായാണ് ഈ അവസരത്തെ പ്രിൻസ് കാണുന്നത്. ഡൽഹി ആഭ്യന്തര ക്രിക്കറ്റിൽ സജീവമായിരുന്ന പ്രിൻസ് യാദവ്, 2023 സീസണിൽ ലക്നൗ സൂപ്പർ ജയൻ്റ്സിന്റെ നെറ്റ് ബൗളർ മാത്രമായിരുന്നു.
2025-ലെ മെഗാ താരലേലത്തിൽ 30 ലക്ഷം രൂപയ്ക്കാണ് ലക്നൗ അദ്ദേഹത്തെ ടീമിലെത്തിച്ചത്. ഓസ്ട്രേലിയൻ താരം ട്രാവിസ് ഹെഡിനെ പുറത്താക്കി ഐപിഎല്ലിൽ വരവറിയിച്ച പ്രിൻസ്, 2026 സീസണിൽ ലക്നൗവിന്റെ ടോപ് വിക്കറ്റ് ടേക്കറായി മാറി.
ഈ സീസണിൽ 12 മത്സരങ്ങളിൽ നിന്ന് 8.53 ഇക്കോണമിയിൽ 16 വിക്കറ്റുകൾ വീഴ്ത്തിയ താരം, പർപ്പിൾ ക്യാപ്പിനായുള്ള പട്ടികയിലും ഇടംനേടിയിരുന്നു. പ്രിൻസ് യാദവിനൊപ്പം ഗുർനൂർ ബ്രാർ, ഹർഷ് ദുബേ, മാനവ് സത്താർ എന്നീ യുവതാരങ്ങൾക്കും ആദ്യമായി ദേശീയ ടീമിലേക്ക് വിളിയെത്തി.
ജൂൺ 6-ന് മുല്ലാൻപുരിലാണ് അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്. ജൂൺ 14-ന് ധരംശാല, ജൂൺ 17-ന് ലക്നൗ, ജൂൺ 20-ന് ചെന്നൈ എന്നിവിടങ്ങളിലാണ് ഏകദിന മത്സരങ്ങൾ നിശ്ചയിച്ചിരിക്കുന്നത്.
**ഇന്ത്യൻ ഏകദിന സ്ക്വാഡ്:**
ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ്മ, വിരാട് കോലി, ശ്രേയസ് അയ്യർ (വൈസ് ക്യാപ്റ്റൻ), കെ എൽ രാഹുൽ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, നിതീഷ് കുമാർ റെഡ്ഡി, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ, പ്രിൻസ് യാദവ്, ഗുർനൂർ ബ്രാർ, ഹർഷ് ദുബേ. **ഇന്ത്യൻ ടെസ്റ്റ് സ്ക്വാഡ്:**
ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, കെ എൽ രാഹുൽ (വൈസ് ക്യാപ്റ്റൻ), സായ് സുദർശൻ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ദേവ്ദത്ത് പടിക്കൽ, നിതീഷ് കുമാർ റെഡ്ഡി, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, മാനവ് സത്താർ, ഗുർനൂർ ബ്രാർ, ഹർഷ് ദുബേ, ധ്രുവ് ജൂറെൽ (വിക്കറ്റ് കീപ്പർ).
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

