തിരുവനന്തപുരത്ത് നടന്ന സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദങ്ങൾ ഉടലെടുക്കുന്നു. ചടങ്ങിൽ വന്ദേമാതരം പൂർണ്ണമായി ആലപിച്ച നടപടിക്കെതിരെ കടുത്ത വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് രംഗത്തെത്തി.
ചടങ്ങിൽ വന്ദേമാതരം പൂർണ്ണമായും അവതരിപ്പിച്ചത് തെറ്റായ നടപടിയാണെന്നും ഇത് ഒരു ബഹുസ്വര സമൂഹത്തിന് നിരക്കാത്തതാണെന്നും സിപിഎം പ്രസ്താവനയിലൂടെ കുറ്റപ്പെടുത്തി. രാജ്യത്ത് വർഗ്ഗീയമായി ജനങ്ങളെ വിഭജിക്കാനുള്ള ശ്രമങ്ങൾ സജീവമാകുന്ന ഘട്ടത്തിൽ, മതനിരപേക്ഷതയ്ക്ക് പോറലേൽപ്പിക്കുന്ന ഇത്തരമൊരു നടപടി സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകാൻ പാടില്ലായിരുന്നുവെന്ന് സിപിഎം ചൂണ്ടിക്കാട്ടി.
വന്ദേമാതര ഗാനത്തിന്റെ ചില ഭാഗങ്ങൾ ഒരു പ്രത്യേക മതത്തിന്റെ മാത്രം വിശ്വാസങ്ങളെ അവതരിപ്പിക്കുന്നതാണ്. ഇക്കാരണത്താലാണ് ഗാനത്തിന്റെ ആദ്യത്തെ എട്ട് വരികൾ മാത്രമേ ദേശീയ ഗീതമായി അവതരിപ്പിക്കാൻ പാടുള്ളൂ എന്ന് 1950 ജനുവരി 24-ന് ഭരണഘടനാ നിർമ്മാണ സഭ വ്യക്തമാക്കിയത്.
1937 ഒക്ടോബറിൽ നടന്ന കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി തന്നെ ഈ ഭാഗങ്ങൾ വെട്ടിമാറ്റാൻ ഔദ്യോഗിക പ്രമേയം പാസാക്കിയിട്ടുള്ളതാണെന്നും, എന്നാൽ ഇതിനെയെല്ലാം അട്ടിമറിച്ചാണ് കേരളത്തിലെ സത്യപ്രതിജ്ഞാ ചടങ്ങിൽ വെട്ടിമാറ്റിയ ഭാഗങ്ങൾ ഉൾപ്പെടെ പൂർണ്ണമായി അവതരിപ്പിച്ചതെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു. പശ്ചിമ ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നിട്ടുപോലും അവിടുത്തെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഇത്തരമൊരു നടപടി ഉണ്ടായിട്ടില്ലെന്നും സിപിഎം ഓർമ്മിപ്പിച്ചു.
ബഹുസ്വര സമൂഹത്തെ ദുർബലപ്പെടുത്തുന്ന യാതൊരു നടപടിയും സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകാൻ പാടില്ലെന്നും പാർട്ടി പ്രസ്താവനയിൽ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

