സ്വിസ് വാച്ച് നിർമാതാക്കളായ ‘സ്വാച്ച്’, ലക്ഷ്വറി ബ്രാൻഡായ ഒഡെമാർ പിഗെയുമായി (എപി) ചേർന്ന് പുറത്തിറക്കിയ പുതിയ ലിമിറ്റഡ് എഡിഷൻ ‘റോയൽ പോപ്പ്’ വാച്ചുകൾ അന്താരാഷ്ട്ര വിപണിയിൽ വലിയ ചർച്ചയാകുന്നു. പരിമിതമായ എണ്ണത്തിൽ മാത്രം പുറത്തിറക്കിയ ഈ വാച്ചുകൾ സ്വന്തമാക്കാനായി വിവിധ രാജ്യങ്ങളിൽ ഉപഭോക്താക്കൾ കൂട്ടത്തോടെ എത്തിയതോടെ സ്ഥിതിഗതികൾ നിയന്ത്രണാതീതമായി.
പാരിസ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ തിരക്ക് നിയന്ത്രിക്കാൻ പൊലീസിന് കണ്ണീർ വാതകം പ്രയോഗിക്കേണ്ടി വന്നു. പുതുതലമുറയ്ക്കിടയിൽ പ്രചാരത്തിലുള്ള ‘ഡ്രോപ് കൾചർ’ എന്ന വിപണന തന്ത്രമാണ് ഈ വാച്ചുകൾക്കായി ബ്രാൻഡുകൾ ഉപയോഗപ്പെടുത്തിയത്.
മേയ് 16, ശനിയാഴ്ച ലോകമെമ്പാടുമുള്ള തിരഞ്ഞെടുത്ത സ്റ്റോറുകളിൽ വാച്ചുകൾ വിൽപ്പനയ്ക്കെത്തി. സാധാരണ ഗതിയിൽ 25 ലക്ഷം രൂപ വരെ വിലമതിക്കുന്ന എപി വാച്ചുകൾ, 400 ഡോളർ നിരക്കിൽ ലഭ്യമാകുമെന്ന വാർത്ത പരന്നതോടെ തലേദിവസം മുതൽ തന്നെ സ്റ്റോറുകൾക്ക് മുന്നിൽ ആളുകൾ തടിച്ചുകൂടി.
മൊത്തം എട്ട് മോഡലുകളാണ് കമ്പനി അവതരിപ്പിച്ചത്. ഒരാൾക്ക് ഒരു വാച്ച് എന്ന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നെങ്കിലും, ഓഫ്ലൈൻ സ്റ്റോറുകൾ വഴി മാത്രം വിൽപ്പന നടത്തിയത് തിരക്ക് വർധിക്കാൻ കാരണമായി.
ബെംഗളൂരു, മുംബൈ, ഡൽഹി, ദുബായ് തുടങ്ങിയ നഗരങ്ങളിൽ മണിക്കൂറുകളോളം വിൽപന തടസ്സപ്പെട്ടു. സുരക്ഷാ കാരണങ്ങളാൽ പലയിടത്തും സ്റ്റോറുകൾ അടച്ചിടേണ്ടി വന്നു.
ഇന്ത്യയിലെ വിൽപന ഔദ്യോഗികമായി നീട്ടിവെച്ചുകൊണ്ട് കമ്പനി ഇപ്രകാരം പ്രസ്താവിച്ചു: “ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്ത് റോയൽ പോപ്പിന്റെ ലോഞ്ച് നീട്ടിവയ്ക്കുന്നു.” ഈ നടപടിക്കെതിരെ വിമർശനങ്ങൾ ഉയർന്നുവെങ്കിലും, 220 സ്റ്റോറുകളിൽ 20 ഇടത്ത് മാത്രമാണ് പ്രശ്നങ്ങളുണ്ടായതെന്നും മുൻകരുതലുകൾ സ്വീകരിച്ചിരുന്നുവെന്നുമാണ് സ്വാച്ചിന്റെ വിശദീകരണം. ഈ വാച്ചുകൾ വരും ദിവസങ്ങളിലും സ്റ്റോറുകളിൽ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
അതേസമയം, 400 ഡോളറിന് വാങ്ങിയ വാച്ചുകൾ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ 1,000 മുതൽ 6,000 ഡോളർ വരെ വിലയ്ക്കാണ് പുനർവിൽപ്പന നടക്കുന്നത്. ‘സ്റ്റോക്ക്എക്സ്’ എന്ന റീസെയിൽ പ്ലാറ്റ്ഫോമിൽ എട്ട് വാച്ചുകൾ അടങ്ങിയ ഒരു സെറ്റിന് 25,000 ഡോളർ വരെ വില രേഖപ്പെടുത്തിയിട്ടുണ്ട്.
കുറഞ്ഞ സമയത്തേക്ക് മാത്രം ഉൽപന്നങ്ങൾ വിപണിയിലെത്തിക്കുന്ന ‘ഡ്രോപ് കൾചർ’ എന്ന വിപണന രീതി, തൊണ്ണൂറുകളിൽ ജാപ്പനീസ് ബ്രാൻഡായ ഗുഡ്ഇനഫ് ആണ് ആദ്യമായി പരീക്ഷിച്ചത്. ബ്രാൻഡുകളെക്കുറിച്ചുള്ള വലിയ തോതിലുള്ള ‘ഹൈപ്പ്’ സൃഷ്ടിച്ച് വിൽപന ഉയർത്താൻ ഈ തന്ത്രം സഹായിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

