കേരളത്തിലെ സ്വർണവിപണിയിൽ ഇന്ന് വിലയിൽ വർധന രേഖപ്പെടുത്തി. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എകെജിഎസ്എംഎ) നിശ്ചയിച്ച നിരക്കുകൾ പ്രകാരം ഗ്രാമിന് 75 രൂപ വർധിച്ച് 14,395 രൂപയായും, പവന് 600 രൂപ ഉയർന്ന് 1,15,160 രൂപയായും വില എത്തിയിരിക്കുന്നു.
അതേസമയം, കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (കെജിഎസ്എംഎ), മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് എന്നിവർ ഗ്രാമിന് 14,375 രൂപയും പവന് 1,15,000 രൂപയുമാണ് ഇന്നത്തെ നിരക്കായി നിശ്ചയിച്ചിരിക്കുന്നത്. വിവിധ അസോസിയേഷനുകൾ വ്യത്യസ്ത നിരക്കുകൾ പിന്തുടരുന്നത് ഉപഭോക്താക്കൾക്കിടയിൽ ആശയക്കുഴപ്പത്തിന് കാരണമാകുന്നുണ്ട്.
എകെജിഎസ്എംഎയുടെ വിലനിർണയ പ്രകാരം 18 കാരറ്റ് സ്വർണം ഗ്രാമിന് 60 രൂപ വർധിച്ച് 11,890 രൂപയായി. വെള്ളി വില ഗ്രാമിന് 5 രൂപ കുറഞ്ഞ് 285 രൂപയിലെത്തി.
കെജിഎസ്എംഎ നിരക്ക് പ്രകാരം 18 കാരറ്റ് സ്വർണം ഗ്രാമിന് 11,810 രൂപയാണ്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്.
സൗദി അറേബ്യ, യുഎഇ, ഖത്തർ എന്നിവയുടെ അഭ്യർഥനയെത്തുടർന്ന് ഇറാനുമേലുള്ള ആക്രമണം നീട്ടിവയ്ക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടർന്ന് ക്രൂഡോയിൽ വിലയും ഡോളർ മൂല്യവും കുറഞ്ഞത് അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഉയരാൻ കാരണമായി.
ഔൺസിന് 4530 ഡോളറിൽ നിന്ന് 4550 ഡോളറിലേക്ക് വില ഉയർന്നെങ്കിലും, പിന്നീട് 4546 ഡോളറിലേക്ക് താഴ്ന്നു. അന്താരാഷ്ട്ര വിപണിയിലെ ഈ മാറ്റങ്ങൾ ആഭ്യന്തര വിപണിയിൽ പ്രതിഫലിക്കുമെങ്കിലും, ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ച സ്വർണവില കുറയുന്നതിന് തടസ്സമാകുന്നുണ്ട്.
രൂപയുടെ മൂല്യം 18 പൈസ ഇടിഞ്ഞ് 96.38 എന്ന നിലയിലേക്ക് താഴ്ന്നത് സ്വർണം ഇറക്കുമതി ചെയ്യുന്നതിനുള്ള ചെലവ് വർധിപ്പിക്കുന്നു. ഈ സാഹചര്യത്തിൽ അന്താരാഷ്ട്ര വിപണിയിൽ വില കുറഞ്ഞാലും ആനുപാതികമായ കുറവ് കേരളത്തിലെ വിപണിയിൽ പ്രതിഫലിക്കാൻ സാധ്യത കുറവാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

