തമിഴ്നാട്ടിൽ മുൻ മുഖ്യമന്ത്രി ജയലളിതയുടെ കാലത്ത് ആരംഭിച്ച അമ്മ ക്യാന്റീനുകൾ നവീകരിക്കാൻ മുഖ്യമന്ത്രി വിജയ് ഉത്തരവിട്ടു. ക്യാന്റീനുകളിൽ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരവുമായി ബന്ധപ്പെട്ട് വ്യാപകമായ പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ അടിയന്തര ഇടപെടൽ നടത്തിയിരിക്കുന്നത്.
ചെന്നൈയിൽ 383 എണ്ണവും മറ്റ് പ്രദേശങ്ങളിലായി 267 എണ്ണവും ഉൾപ്പെടെ മൊത്തം 650 ക്യാന്റീനുകളാണ് സംസ്ഥാനത്തുള്ളത്. ക്യാന്റീൻ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുന്നതിനും ആവശ്യമായ ഉപകരണങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.
നേരത്തെ സ്റ്റാലിൻ സർക്കാർ അമ്മ ക്യാന്റീനുകളുടെ പേര് നിലനിർത്തിയിരുന്നെങ്കിലും സാമ്പത്തിക സഹായം ഉൾപ്പെടെയുള്ളവ വെട്ടിക്കുറച്ചിരുന്നു. അധികാരമേറ്റെടുത്തതിന് പിന്നാലെ പള്ളികൾക്കും സ്കൂളുകൾക്കും സമീപമുള്ള 717 ടാസ്മാക് മദ്യശാലകൾ പൂട്ടാൻ വിജയ് ഉത്തരവിട്ടിരുന്നു.
ഇതിന് പിന്നാലെയാണ് ജനക്ഷേമ പദ്ധതി എന്ന നിലയിൽ അമ്മ ക്യാന്റീനുകളുടെ നവീകരണവും സർക്കാർ ഏറ്റെടുത്തിരിക്കുന്നത്. അതേസമയം, കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി.
സതീശൻ ചുമതലയേറ്റ ചടങ്ങിൽ നിന്ന് തമിഴ്നാട് മുഖ്യമന്ത്രിയും ടിവികെ അധ്യക്ഷനുമായ വിജയ് വിട്ടുനിന്നത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കർണാടക മുഖ്യമന്ത്രി ഡി.കെ.
ശിവകുമാർ തുടങ്ങിയവർ പങ്കെടുത്തിരുന്നു. വിജയ് ചടങ്ങിൽ പങ്കെടുക്കാതിരുന്നത് മോദിയെ ഭയന്നാണെന്ന് ഡിഎംകെ ആരോപണം ഉന്നയിച്ചു.
എന്നാൽ, തമിഴ്നാട്ടിൽ ടിവികെയും കോൺഗ്രസും ചേർന്നാണ് ഭരണം നടത്തുന്നതെന്നും ചടങ്ങിലേക്ക് വിജയ്യെ ക്ഷണിച്ചിരുന്നുവെന്നും ടിവികെ വൃത്തങ്ങൾ അറിയിച്ചു. വിജയ് ചടങ്ങിൽ പങ്കെടുത്താൽ ജനപ്രവാഹം ഉണ്ടാകുമെന്നും അത് സത്യപ്രതിജ്ഞാ ചടങ്ങിന്റെ ശ്രദ്ധ തിരിക്കാൻ കാരണമായേക്കുമെന്നുമുള്ള വിലയിരുത്തലിലാണ് അദ്ദേഹം വിട്ടുനിന്നതെന്നാണ് പാർട്ടിയുടെ വിശദീകരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

