പതിമൂന്നാം വയസ്സിൽ രാജസ്ഥാൻ റോയൽസ് ടീമിൽ ഇടംനേടിക്കൊണ്ട് ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) വലിയ ചർച്ചയായ താരമാണ് വൈഭവ് സൂര്യവംശി. ഇന്ത്യൻ ബൗളിങ് നിരയിലെ കരുത്തനായ ജസ്പ്രീത് ബുംറയ്ക്കെതിരെ ഉൾപ്പെടെ മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുക്കാൻ ഈ കൗമാര താരത്തിന് സാധിച്ചു.
നിലവിലെ സീസണിലെ റൺ വേട്ടക്കാരിൽ മുന്നിലുള്ള വൈഭവ്, 12 മത്സരങ്ങളിൽ നിന്ന് 486 റൺസാണ് അടിച്ചുകൂട്ടിയത്. കളിക്കളത്തിലെ മികവിനൊപ്പം തന്നെ കൗമാരത്തിൽ തന്നെ വലിയ സാമ്പത്തിക നേട്ടമുണ്ടാക്കാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്.
ഐപിഎൽ കരാർ, ബിസിസിഐ മാച്ച് ഫീസ്, പരസ്യ വരുമാനം എന്നിവ ഉൾപ്പെടെ കോടികളാണ് വൈഭവ് സൂര്യവംശിയുടെ ആസ്തി. കഴിഞ്ഞ സീസണിൽ 1.1 കോടി രൂപയ്ക്കാണ് രാജസ്ഥാൻ റോയൽസ് വൈഭവിനെ സ്വന്തമാക്കിയത്.
30 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ കടുത്ത മത്സരത്തിനൊടുവിലാണ് ടീമിലെത്തിച്ചത്. നിലവിലെ സീസണിലും ഇതേ തുകയ്ക്കാണ് താരം ടീമിൽ തുടരുന്നത്.
കണക്കുകൾ പ്രകാരം, ഐപിഎല്ലിൽ ഓരോ മത്സരത്തിനും 7.85 ലക്ഷം രൂപ വീതമാണ് പ്രതിഫലമായി ലഭിക്കുന്നത്. ഇതിനുപുറമെ, ബിസിസിഐയുടെ മാച്ച് ഫീസായി ലഭിക്കുന്ന 7.5 ലക്ഷം രൂപ കൂടി ചേരുമ്പോൾ, ഒരു മത്സരത്തിൽ നിന്ന് മാത്രം 15.35 ലക്ഷം രൂപയാണ് വൈഭവിന്റെ വരുമാനം.
അണ്ടർ 19 ഇന്ത്യൻ ടീമിലെ അംഗം കൂടിയായ വൈഭവ്, പ്രാദേശിക ടൂർണമെന്റുകളിൽ കളിക്കുന്നതിലൂടെ പ്രതിദിനം 10,500 രൂപയും രഞ്ജി ട്രോഫിയിൽ 40,000 രൂപയും പ്രതിഫലം കൈപ്പറ്റുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ സീസണിലെ മികച്ച സ്ട്രൈക്ക് റേറ്റിന് ലഭിച്ച ടാറ്റ കർവ് കാറിന് പുറമെ, ‘കോംപ്ലാൻ’ പോലുള്ള പ്രമുഖ ബ്രാൻഡുകളുടെ പരസ്യത്തിലും താരം പങ്കാളിയാണ്.
ഇത്തരം കരാറുകളിലൂടെ 75 ലക്ഷം മുതൽ 1.25 കോടി രൂപ വരെ താരം വരുമാനം നേടുന്നതായി വിലയിരുത്തപ്പെടുന്നു. ഉപയോഗിക്കുന്ന ക്രിക്കറ്റ് ഉപകരണങ്ങളിലും വൈഭവ് വേറിട്ടുനിൽക്കുന്നു.
സാരീൻ സ്പോർട്സ് (എസ്എസ്) പ്രത്യേകം രൂപകല്പന ചെയ്ത ബാറ്റാണ് താരം ഉപയോഗിക്കുന്നത്. ഇതിന് ഏകദേശം 50,000 രൂപ മുതൽ രണ്ട് ലക്ഷം രൂപ വരെയാണ് വിലമതിക്കുന്നത്.
മൊത്തത്തിൽ കണക്കാക്കിയാൽ, നിലവിൽ 3 മുതൽ 3.5 കോടി രൂപ വരെയാണ് വൈഭവ് സൂര്യവംശിയുടെ ആകെ സമ്പാദ്യം. ഭാവിയിൽ ഇന്ത്യൻ ദേശീയ ടീമിലേക്കുള്ള വിളി വൈഭവിനെ തേടിയെത്തുമെന്നും, അതോടെ താരത്തിന്റെ സാമ്പത്തിക നില കൂടുതൽ ഉയരുമെന്നുമാണ് കായിക ലോകത്തിന്റെ വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

