ജനാധിപത്യ വ്യവസ്ഥയിൽ രാജ്യത്തെ സ്ഥാപനങ്ങളെ യുവതലമുറ ചോദ്യം ചെയ്യുന്നത് ആരോഗ്യകരമായ പ്രവണതയാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ തലസ്ഥാനത്ത് പ്രതിഷേധങ്ങൾ ശക്തമാകുന്ന സാഹചര്യത്തിലാണ് ഈ നിർണായക പരാമർശം ഉണ്ടായിരിക്കുന്നത്.
ബെംഗളൂരുവിലെ നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയുടെ ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഊർജസ്വലമായ ഒരു ജനാധിപത്യത്തിന്റെ ലക്ഷണമാണ് യുവാക്കളുടെ ഇത്തരം ചോദ്യങ്ങളെന്നും, അവരുടെ ആശങ്കകളും പ്രതീക്ഷകളും മുഖവിലയ്ക്കെടുക്കാൻ നീതിന്യായ വ്യവസ്ഥ തയ്യാറാകണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
വിയോജിപ്പുകളെ ഭീഷണിയായി കണക്കാക്കരുതെന്നും എന്നാൽ അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുമ്പോഴും ഭരണഘടനാ മൂല്യങ്ങളോടുള്ള പ്രതിബദ്ധത ആരും കൈവിടരുതെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു. അതിനിടയിൽ, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭങ്ങൾ ദില്ലിയിൽ തുടരുകയാണ്.
ഞായറാഴ്ചയും നഗരത്തിൽ ശക്തമായ പ്രതിഷേധ പ്രകടനങ്ങളാണ് അരേങ്ങറിയത്. ഉച്ചയ്ക്ക് ശേഷം കോൺഗ്രസ് വിദ്യാർത്ഥി സംഘടനയായ എൻ എസ് യു ഐ (NSUI) പ്രവർത്തകർ ജന്തർമന്തറിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി.
പോലീസ് ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ച പ്രതിഷേധക്കാരെ പൊലീസ് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് നീക്കുകയുണ്ടായി. വിവിധ വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിലുള്ള പ്രതിഷേധങ്ങൾ ദില്ലിയിൽ തുടരുകയാണ്.
വരും ദിവസങ്ങളിൽ പ്രക്ഷോഭങ്ങൾ കൂടുതൽ ശക്തമാക്കാനാണ് ഇന്ത്യാ സഖ്യത്തിന്റെ തീരുമാനം. ദസറ അവധിക്ക് ശേഷം വരുന്ന 25-ഓടെ സമരം വീണ്ടും സജീവമാക്കാനാണ് നീക്കം നടക്കുന്നത്.
ഇതിന്റെ ഭാഗമായി അടുത്ത ശനിയാഴ്ചയോടെ ദില്ലിയിൽ എത്താൻ എം.പിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സുപ്രീം കോടതിയിലേക്ക് നടത്തിയ മാർച്ചിലെ മാതൃകയിൽ കൂടുതൽ ജനപങ്കാളിത്തം ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.
എം.പിമാർക്ക് പുറമെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നേതാക്കളും പ്രവർത്തകരും സമരത്തിൽ അണിനിരക്കും. നവംബർ ഒന്നിന് രാംലീല മൈതാനിയിൽ സംഘടിപ്പിക്കുന്ന മഹാറാലിയുടെ മുന്നോടിയായാണ് പ്രക്ഷോഭങ്ങൾ ശക്തമാക്കുന്നത്.
ഇതിന്റെ ഭാഗമായി ഈ മാസം 27ന് ദില്ലിയിൽ സി.പി.ഐ മനുഷ്യച്ചങ്ങല തീർക്കും. ഇതിനിടെ, പോലീസ് മർദ്ദനത്തിൽ പരിക്കേറ്റ വിദ്യാർത്ഥികളും യുവജന സംഘടനാ നേതാക്കളും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ നേരിൽ കണ്ട് കാര്യങ്ങൾ ധരിപ്പിച്ചിരുന്നു.
പോലീസ് അതിക്രമങ്ങൾ വരാനിരിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ ഉന്നയിക്കാനാണ് സാധ്യത. വോട്ട് മോഷണവും ഭരണഘടനാ സ്ഥാപനങ്ങളുടെ തകർച്ചയുമാണ് നിലവിലുള്ളതെന്നും, ഗ്യാനേഷ് കുമാറിന് അധികാരത്തിൽ തുടരാനുള്ള ധാർമ്മിക അവകാശമില്ലെന്നും രാഹുൽ ഗാന്ധി പോഡ്കാസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

