കോഴിക്കോട്: ഈ വർഷത്തെ സംസ്ഥാന സ്കൂൾ കായികമേളയുടെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിക്കും. ഏഴ് ദിവസങ്ങളിലായി നീണ്ടുനിൽക്കുന്ന മേളയ്ക്ക് ഈ മാസം 25-നാണ് തിരികൊളുത്തുന്നത്.
ഒക്ടോബർ 25 മുതൽ 31 വരെയാണ് സംസ്ഥാന സ്കൂൾ കായികമേള സംഘടിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്നുള്ള ട്രോഫി പ്രയാണവും കാസർകോട് നിന്നുള്ള ദീപശിഖാ പ്രയാണവും ഈ മാസം 25-ന് രാവിലെ കോഴിക്കോട് ബീച്ചിൽ സംഗമിക്കും.
തുടർന്ന് നഗരപ്രദക്ഷിണം നടത്തി മാർച്ച് പാസ്റ്റോടെ പ്രധാന വേദിയായ എൻ.ഐ.ടിയിൽ എത്തിച്ചേരും. ഇതിനുശേഷമായിരിക്കും മുഖ്യമന്ത്രി മേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുക.
സമാപന സമ്മേളനത്തിൽ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല മുഖ്യാതിഥിയായി പങ്കെടുക്കും. വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീന്റെ നേതൃത്വത്തിൽ ചേർന്ന സംഘാടക സമിതി അവലോകന യോഗത്തിലാണ് ഇക്കാര്യങ്ങളിൽ അന്തിമ തീരുമാനമായത്.
വേദിമാറ്റത്തിലെ വിവാദങ്ങൾ കഴിഞ്ഞ വർഷം തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയുടെ സമാപന ദിവസം, 2026-ലെ വേദി കണ്ണൂരായിരിക്കുമെന്നാണ് അന്നത്തെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചിരുന്നത്. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ ഉൾപ്പെടെയുള്ളവർ നേരിട്ടെത്തി പതാകയും ഏറ്റുവാങ്ങിയിരുന്നു.
എന്നാൽ, പിന്നീട് അധികാരമേറ്റ യു.ഡി.എഫ് സർക്കാർ ഇത്തവണ കായികമേള കോഴിക്കോട് നടത്താൻ തീരുമാനിക്കുകയായിരുന്നു. കായികമേളയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നെന്നും വേദിമാറ്റം കണ്ണൂരിനെ നിരാശപ്പെടുത്തിയെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ പ്രതികരിച്ചിരുന്നു.
വേദിമാറ്റം വിദ്യാഭ്യാസ മന്ത്രി അറിഞ്ഞിട്ടില്ലെന്ന് ആദ്യ ഘട്ടത്തിൽ വാർത്തകൾ ഉണ്ടായിരുന്നുവെങ്കിലും, അടുത്ത തവണ കണ്ണൂരിനെ പരിഗണിക്കാം എന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ പിന്നീട് ഉറപ്പ് നൽകുകയായിരുന്നു. കൂടുതൽ സൗകര്യങ്ങളുള്ളത് കോഴിക്കോടായതിനാലാണ് വേദിമാറ്റം വേണ്ടിവന്നതെന്നാണ് കായിക മന്ത്രി ഒ ജെ ജനീഷ് വ്യക്തമാക്കിയിട്ടുള്ളത്.
എൻ.ഐ.ടിയിലേത് പുതിയ ട്രാക്കാണെന്നും ഒളിംപിക് മാതൃകയിൽ മത്സരങ്ങൾ നടത്താനുള്ള എല്ലാവിധ സംവിധാനവും കണ്ണൂരിലേതിനേക്കാൾ കോഴിക്കോടാണെന്നും മന്ത്രി അഭിപ്രായപ്പെട്ടിരുന്നു. എന്തായാലും അടുത്ത തവണത്തെ വേദിയാകാം എന്ന പ്രതീക്ഷയിലാണ് കണ്ണൂർ ജില്ലയിപ്പോൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

