തൊടുപുഴ നഗരസഭ മുൻ ചെയർമാനും ഐഎൻടിയുസി റീജനൽ സെക്രട്ടറിയുമായ കുന്നംപാറയ്ക്കൽ സനീഷ് ജോർജ് (40) രാസലഹരി ഉപയോഗിക്കുന്നതിനിടെ പൊലീസിന്റെ പിടിയിലായി. ഇന്നലെ രാവിലെ എട്ടരയോടെയാണ് സംഭവം നടക്കുന്നത്.
പ്രതിയുടെ സുഹൃത്തും അയൽവാസിയുമായ വേലംപറമ്പിൽ നിസാർ മുഹമ്മദിന് (42) ഒപ്പമാണ് സനീഷ് പിടിയിലായതെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ നിന്നും എംഡിഎംഎയുടെ അംശം പറ്റിപ്പിടിച്ചിരുന്ന കവറും, ലഹരി വലിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ് ഫ്യൂമറും ഉൾപ്പെടെയുള്ള തൊണ്ടിമുതലുകൾ പൊലീസ് കണ്ടെടുത്തു.
തൊടുപുഴ ഡിവൈഎസ്പിയുടെ ആന്റി നർകോട്ടിക് സ്പെഷൽ സ്ക്വാഡ് നടത്തിയ പ്രത്യേക പരിശോധനയുടെ ഭാഗമായാണ് ഇരുവരെയും നിയമത്തിന് മുന്നിൽ എത്തിച്ചത്. സംഭവത്തിൽ ഇവർക്കെതിരെ കേസെടുക്കുകയും തുടർന്ന് നോറ്റീസ് നൽകി വിട്ടയക്കുകയും ചെയ്തതായി കാളിയാർ പൊലീസ് അറിയിച്ചു.
മുൻപ് കോൺഗ്രസ് ബൂത്ത് പ്രസിഡന്റായി പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് സനീഷ്. 2020 ലെ തൊടുപുഴ നഗരസഭാ തിരഞ്ഞെടുപ്പിൽ കാരൂപ്പാറ വാർഡിൽ യുഡിഎഫ് സ്ഥാനാർത്രിക്കെതിരെ കോൺഗ്രസ് വിമതനായി മത്സരിച്ചാണ് അദ്ദേഹം വിജയം കൈവരിച്ചത്.
പിന്നീട് എൽഡിഎഫ് പിന്തുണയോടെയാണ് നഗരസഭാ ചെയർമാൻ പദവിയിലെത്തിയത്. നഗരസഭാ അസിസ്റ്റന്റ് എൻജിനീയറെ കൈക്കൂലി കേസിൽ വിജിലൻസ് പിടികൂടിയതുമായി ബന്ധപ്പെട്ട
വിവാദങ്ങളെ തുടർന്ന്, നാലുവർഷത്തിനു ശേഷം സനീഷിന് ചെയർമാൻ സ്ഥാനം രാജിവെക്കേണ്ടി വന്നിരുന്നു. അതേസമയം, സംഭവത്തിന് പിന്നാലെ സനീഷിനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയതായി പാർട്ടി നേതൃത്വം അറിയിച്ചു.
കൂടാതെ, ഇയാൾ ഐഎൻടിയുസി റീജനൽ ഭാരവാഹിയാണെന്ന് സ്വയം പ്രഖ്യാപിച്ചതാണെന്നും പാർട്ടി നേതാക്കൾ വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

