ഡൽഹി ജൽ ബോർഡിലെ മാലിന്യ സംസ്കരണ പ്ലാന്റുകളുടെ നവീകരണവുമായി ബന്ധപ്പെട്ട ടെൻഡർ നടപടികളിൽ വൻ ക്രമക്കേടും ക്രിമിനൽ ഗൂഢാലോചനയും നടന്നിട്ടുണ്ടെന്ന കേസിൽ ആം ആദ്മി പാർട്ടിയുടെ മുതിർന്ന നേതാവും മുൻ മന്ത്രിയുമായ സത്യേന്ദർ ജെയിനെ ആന്റി കറപ്ഷൻ ബ്യൂറോ (എസിബി) അറസ്റ്റ് ചെയ്തു.
ഡൽഹി സർക്കാരിന്റെ ഡയറക്ടറേറ്റ് ഓഫ് വിജിലൻസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 2024 മേയ് മാസത്തിൽ റജിസ്റ്റർ ചെയ്ത എഫ്ഐആറിന്റെ തുടർച്ചയായാണ് ഈ നാടകീയ നടപടി. ജലവിഭവ വകുപ്പ് മന്ത്രിയായി സത്യേന്ദർ ജെയിൻ ചുമതല വഹിച്ചിരുന്ന സമയത്താണ് പ്രസ്തുത ക്രമക്കേടുകൾ അരങ്ങേറിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
ജെയിനെ കൂടാതെ മറ്റ് അഞ്ച് പ്രമുഖരെക്കൂടി ഈ കേസിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡൽഹി ജൽ ബോർഡ് മുൻ സിഇഒ ഉദിത് പ്രകാശ് റായ്, ബോർഡിന്റെ മുൻ കൺസൽട്ടന്റ് അങ്കിത് ശ്രീവാസ്തവ, സ്വകാര്യ വ്യക്തികളായ നാഗേന്ദ്ര യാദവ്, രാജ് കുമാർ, പങ്കജ് വർമ എന്നിവരാണ് പിടിയിലായ മറ്റുള്ളവർ.
അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾക്ക് പുറമെ വഞ്ചന, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് പ്രതികൾക്കെതിരെ കേസുകൾ ചാർജ് ചെയ്തിരിക്കുന്നത്. നടപടികൾക്ക് പിന്നാലെ കേന്ദ്ര സർക്കാരിനും ബിജെപിക്കുമെതിരെ ശക്തമായ വിമർശനവുമായി എഎപി കൺവീനർ അരവിന്ദ് കേജ്രിവാൾ രംഗത്തെത്തി.
സത്യേന്ദർ ജെയിനെതിരെയുള്ള ഈ കേസ് പൂർണമായും വ്യാജമാണെന്ന് വരും ദിവസങ്ങളിൽ തെളിയുമെന്ന് അദ്ദേഹം വ്യക്തമാക്കി. എക്സിൽ പങ്കുവെച്ച കുറിപ്പിൽ കേജ്രിവാളിന്റെ വാക്കുകൾ ഇങ്ങനെ: ‘‘ബിജെപിയുടെ നിർദേശപ്രകാരമാണ് സത്യേന്ദർ ജെയിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
മുൻപ് ജയിലിലടച്ച് അവർ അദ്ദേഹത്തെ എത്രത്തോളം പീഡിപ്പിച്ചു എന്ന് എല്ലാവർക്കും ഓർമയുണ്ടാകും. പഴയ കേസ് കെട്ടിച്ചമച്ചതായിരുന്നു.
ഈ കേസും വ്യാജമാണെന്നു തെളിയും. ബിജെപിയുടെ ഈ ഏകാധിപത്യം എത്ര നാൾ തുടരും? കള്ളക്കേസുകൾ ചുമത്തി അവർക്ക് ഇഷ്ടമില്ലാത്തവരെയെല്ലാം ജയിലിലടയ്ക്കുകയാണ്.
അവരുടെ കള്ളങ്ങൾ രാജ്യത്തിനു മുന്നിൽ വീണ്ടും തുറന്നുകാട്ടപ്പെടും. എന്നാൽ ജയിലിൽ ചെലവഴിച്ച സമയത്തിനും അനുഭവിച്ച മാനസിക പീഡനങ്ങൾക്കും ആര് നഷ്ടപരിഹാരം നൽകും? ബിജെപിയുടെ പാപങ്ങളുടെ പാത്രം ഇപ്പോൾ നിറഞ്ഞു കവിഞ്ഞിരിക്കുകയാണ്.
എത്രയൊക്കെ അടിച്ചമർത്താൻ നോക്കിയാലും മോദി സർക്കാരിന്റെ അന്ത്യം ഉറപ്പാണ്. മുഴുവൻ പാർട്ടിയും രാജ്യത്തെ ജനങ്ങളും സത്യേന്ദർ ജെയിനൊപ്പം ഉറച്ചുനിൽക്കും.’’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

