കൊച്ചി: രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകൾ വർധിപ്പിച്ചുകൊണ്ട് എയർ ഇന്ത്യ എക്സ്പ്രസ് തങ്ങളുടെ പുതിയ ശീതകാല ഷെഡ്യൂൾ പുറത്തിറക്കി. കൊച്ചി-ബാങ്കോക്ക്, കൊച്ചി-കുവൈത്ത്, തിരുവനന്തപുരം-ബഹ്റൈൻ, തിരുവനന്തപുരം-റിയാദ് എന്നിവയുൾപ്പെടെയുള്ള പ്രധാന റൂട്ടുകൾ ഉൾക്കൊള്ളുന്നതാണ് പുതിയ പട്ടിക.
കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സർവീസ് വിപുലീകരണമാണിത്. വരുന്ന ഒക്ടോബർ 25 മുതൽ ഘട്ടംഘട്ടമായാണ് പുതിയ സമയക്രമം പ്രാബല്യത്തിൽ വരുന്നത്.
നിലവിൽ 105-ലേറെ വിമാനങ്ങളാണ് എയർ ഇന്ത്യ എക്സ്പ്രസിന്റെ നിരയിലുള്ളത്. പുതിയ മാറ്റങ്ങളുടെ ഭാഗമായി ആഭ്യന്തര, അന്താരാഷ്ട്ര മേഖലകളിലായി 40-ലധികം പുതിയ റൂട്ടുകളിൽ സർവീസ് ആരംഭിക്കും.
ആകെ 150 അന്താരാഷ്ട്ര സർവീസുകളും 435 ആഭ്യന്തര സർവീസുകളും ഉൾപ്പെടെ പ്രതിദിനം 585 വിമാന സർവീസുകളാണ് ശീതകാല ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മുൻപ് 2026 ലെ വേനൽക്കാല ഷെഡ്യൂളിൽ ആഴ്ചതോറും 3,150 ഓളം സർവീസുകളാണുണ്ടായിരുന്നത്.
പുതിയ മാറ്റത്തോടെ ഇത് ഏകദേശം 4,100 ആയി ഉയരും. കൂടാതെ, വൺ സ്റ്റോപ്പ് കണക്ഷൻ സർവീസുകളുടെ പ്രതിവാര എണ്ണം 1,330 ൽ നിന്ന് 1,600 ആയി വർധിക്കും.
പുതിയ ഷെഡ്യൂളിന്റെ ഭാഗമായി കൊച്ചി-ബാങ്കോക്ക്, ബാങ്കോക്ക്–ഇൻഡോർ, ലഖ്നൗ–റാസ് അൽ ഖൈമ, ഫുക്കറ്റ്–ഹൈദരാബാദ് റൂട്ടുകളിൽ ആഴ്ചയിൽ നാല് സർവീസുകൾ വീതം ഉണ്ടായിരിക്കും. ബഹ്റൈൻ–തിരുവനന്തപുരം, ബാങ്കോക്ക്–വിശാഖപട്ടണം, മംഗളൂരു–റാസ് അൽ ഖൈമ റൂട്ടുകളിൽ ആഴ്ചയിൽ രണ്ട് വീതവും റിയാദ്–തിരുവനന്തപുരം, ഷാർജ–സൂറത്ത് റൂട്ടുകളിൽ ആഴ്ചയിൽ മൂന്ന് വരെയും സർവീസുകൾ നടത്തുവാൻ തീരുമാനിച്ചിട്ടുണ്ട്.
അബുദാബി–ഗോവ (മോപ്പ), അമൃത്സർ–അബുദാബി എന്നിവിടങ്ങളിൽ ആഴ്ചയിൽ മൂന്ന് സർവീസുകൾ വീതവും ആരംഭിക്കും. ബെംഗളൂരു–കാഠ്മണ്ഡു, ദുബായ്–ഗോവ (ദബോലിം) റൂട്ടുകളിൽ ആഴ്ചയിൽ ഏഴ് സർവീസുകൾ വീതം സർവീസ് നടത്തും.
കൊച്ചി–കുവൈത്ത്, ലഖ്നൗ–റിയാദ്, മംഗളൂരു–കുവൈത്ത്, മുംബൈ–കുവൈത്ത് റൂട്ടുകളിൽ ആഴ്ചയിൽ മൂന്ന് സർവീസുകൾ വീതവും ലഭ്യമാകും. ഭോപ്പാൽ–ഷാർജ റൂട്ടിൽ മൂന്ന് സർവീസുകളും ചണ്ഡീഗഢ്–ഷാർജയിൽ നാല് സർവീസുകളും ചെന്നൈ–സിംഗപ്പൂരിൽ 14 സർവീസുകളും ഡൽഹി–റിയാദിൽ നാല് സർവീസുകളും ഈ ശീതകാലത്ത് ഉണ്ടാകും.
ആഭ്യന്തര സർവീസുകളുടെ കണക്കെടുപ്പിൽ, അഹമ്മദാബാദ്–ഡൽഹി, ബെംഗളൂരു–ഗോവ (മോപ്പ), ബെംഗളൂരു–ജോധ്പൂർ, ബെംഗളൂരു–മധുര, ഡൽഹി–ശ്രീ വിജയപുരം (പോർട്ട് ബ്ലെയർ), ഡൽഹി–ഉദയ്പൂർ, ഹൈദരാബാദ്–പുണെ, മുംബൈ–നാഗ്പൂർ റൂട്ടുകളിൽ ആഴ്ചയിൽ ഏഴ് വീതം സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്. ബെംഗളൂരു–കോയമ്പത്തൂർ റൂട്ടിൽ ആഴ്ചയിൽ 14 സർവീസുകൾ ഉണ്ടായിരിക്കും.
ഭുവനേശ്വർ–ശ്രീ വിജയപുരം (പോർട്ട് ബ്ലെയർ) റൂട്ടിൽ നാല് സർവീസുകളും ഭോപ്പാൽ–നവി മുംബൈയിൽ മൂന്ന് സർവീസുകളും ഡൽഹി–ജയ്പൂരിൽ അഞ്ച് സർവീസുകളും ഹൈദരാബാദ്–മംഗളൂരുവിൽ മൂന്ന് സർവീസുകളും ഇൻഡോർ–നവി മുംബൈയിൽ നാല് സർവീസുകളും ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. കൊൽക്കത്ത–പുണെ റൂട്ടിൽ ആഴ്ചയിൽ രണ്ട് സർവീസുകളുമാണ് പുതിയ പട്ടികപ്രകാരം ഉള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

