കോഴിക്കോട് ജില്ലയിലെ ഓണം സ്പെഷല്‍ അരിയുടെയും ഓണക്കിറ്റിന്റെയും വിതരണത്തിലുണ്ടായിരുന്ന സാങ്കേതിക തടസ്സങ്ങൾ പൂർണ്ണമായും പരിഹരിച്ചതായി മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. ഇത് ബുധനാഴ്ച മുതൽ പൂർണ്ണതോതിലേക്ക് മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജില്ലയിലേക്ക് ആവശ്യമായ ഓണം സ്പെഷല്‍ അരി മുഴുവനും ഇതിനോടകം എത്തിച്ചിട്ടുണ്ട്. എഫ്സിഐ ഗോഡൗണുകളിൽ അരിയുടെ ലഭ്യതക്കുറവ് നേരിട്ടതു കാരണമാണ് റേഷന്‍ കടകളിലൂടെയുള്ള വിതരണം വൈകാൻ ഇടയായത്.
എന്നാൽ നിലവിൽ ഗോഡൗണുകളില്‍ പുതിയ സ്റ്റോക്ക് എത്തിച്ചേർന്നിട്ടുണ്ടെന്നും വിതരണം ഇതിനകം ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. വിപണിയിലെ അനധികൃത വിലക്കയറ്റം ഫലപ്രദമായി തടയുന്നതിന്റെ ഭാഗമായി അരിമില്ലുകൾ കേന്ദ്രീകരിച്ച് പ്രത്യേക സ്പെഷൽ സ്ക്വാഡുകൾ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.
ഇതിനുപുറമെ, പച്ചക്കറി കടകളിലും റീടെയ്ല്‍ മാർക്കറ്റുകളിലും പരിശോധനകൾ കൂടുതൽ ശക്തമാക്കാൻ ജില്ലാ കളക്ടർമാർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിലെ പ്രത്യേക സാഹചര്യം മുൻനിർത്തി കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സർക്കാർ ജീവനക്കാർ ഈ ദിവസങ്ങളിൽ അവധിയെടുക്കുന്നത് ഒഴിവാക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.
ബന്ധപ്പെട്ട ജില്ലകളിലെ റേഷന്‍ വിതരണത്തിന്റെയും കിറ്റ് വിതരണത്തിന്റെയും തുടർന്നുള്ള പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായുള്ള യോഗം ബുധനാഴ്ച രാവിലെ നടക്കുമെന്നും മന്ത്രി അറിയിച്ചു.
ചൊവ്വാഴ്ച ചേർന്ന ഉന്നതതല അവലോകന യോഗത്തിൽ എഫ്സിഐ, ജിഎസ്ടി, ആദായനികുതി, ഭക്ഷ്യ-സിവില്‍ സപ്ളൈസ് വകുപ്പ്, സപ്ളൈകോ തുടങ്ങിയ വിവിധ വകുപ്പുകളിലെ ഉയർന്ന ഉദ്യോഗസ്ഥർ പങ്കെടുത്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

