ഇന്ത്യയും ചൈനയും മികച്ച അയൽക്കാരായിരിക്കണമെന്നും പരസ്പര സഹകരണത്തിലൂടെ വളർച്ച കൈവരിക്കണമെന്നുമാണ് ആഗ്രഹിക്കുന്നതെന്ന് ചൈന വ്യക്തമാക്കി. ഇന്ത്യയിലെ ചൈനീസ് അംബാസഡർ ഷു ഫെയിഹോങ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
രണ്ട് രാജ്യങ്ങളിലെയും ഉന്നത നേതാക്കളുടെ നിർദ്ദേശങ്ങൾക്കനുസൃതമായി ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുമെന്നും, നിലവിലുള്ള അഭിപ്രായവ്യത്യാസങ്ങൾ സംയമനത്തോടെ പരിഹരിക്കുമെന്നും അദ്ദേഹം അറിയിച്ചു. തന്ത്രപ്രധാനവും ദീർഘകാലവുമായ വീക്ഷണത്തോടുകൂടിയ സഹകരണമാണ് ചൈന ലക്ഷ്യമിടുന്നത്.
ഏഴ് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഇന്ത്യ സന്ദർശിക്കാനിരിക്കെയാണ് അംബാസഡറുടെ ഈ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്.
ദില്ലി വേദിയാകുന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ഇന്ന് ഉച്ചയ്ക്ക് 12:10ന് അദ്ദേഹം രാജ്യതലസ്ഥാനത്ത് എത്തിച്ചേരും. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈന (സിപിസി) പൊളിറ്റ് ബ്യൂറോ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗവും പ്രസിഡന്റിന്റെ വിശ്വസ്തനുമായ സായ് ക്വി, വിദേശകാര്യ മന്ത്രി വാങ് യി എന്നിവരുൾപ്പെടെ 67 അംഗ ഉന്നതതല സർക്കാർ പ്രതിനിധി സംഘം അദ്ദേഹത്തോടൊപ്പമുണ്ട്.
ഇതിനുപുറമെ, ഒരു പ്രത്യേക വ്യവസായ പ്രതിനിധി സംഘവും സന്ദർശനത്തിന്റെ ഭാഗമായി ഇന്ത്യയിലെത്തുന്നുണ്ട്. ഇന്ന് വൈകുന്നേരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചൈനീസ് പ്രസിഡന്റ് ഔദ്യോഗിക ഉഭയകക്ഷി ചർച്ചകൾ നടത്തും.
24 മണിക്കൂർ നീളുന്ന സന്ദർശനം പൂർത്തിയാക്കി ഞായറാഴ്ച ഉച്ചയ്ക്ക് 12:20ന് അദ്ദേഹം മടങ്ങും. മോദി – ഷി ജിൻപിങ് കൂടിക്കാഴ്ചയുടെ മുഖ്യ അജണ്ടകൾ പ്രധാനമന്ത്രിയും ചൈനീസ് പ്രസിഡന്റും തമ്മിലുള്ള ചർച്ചയിൽ ഉഭയകക്ഷി വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിനൊപ്പം അതിർത്തിയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും മുൻഗണന നൽകും.
ചൈനീസ് വിപണിയിൽ ഇന്ത്യയ്ക്ക് ന്യായമായ പ്രവേശനം ഉറപ്പാക്കുക, ആഗോള വിതരണ ശൃംഖലയുടെ വിശ്വാസ്യത വർധിപ്പിക്കുക, ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര അന്തുലിതാവസ്ഥ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളാകും ഇന്ത്യ പ്രധാനമായും മുന്നോട്ടുവെക്കുക. കൂടാതെ, ഇരുരാജ്യങ്ങളും തമ്മിൽ തന്ത്രപ്രധാനമായ സാമ്പത്തിക ചർച്ചകൾക്കും സാമ്പത്തിക സഹകരണം വർധിപ്പിക്കുന്നതിനുള്ള പുതിയ വഴികൾ തേടുന്നതിനും സാധ്യതയുണ്ട്.
അതേസമയം, ചൈനീസ് കമ്പനികൾക്ക് ഇന്ത്യയിലുള്ള നിക്ഷേപ തടസ്സങ്ങൾ നീക്കണമെന്ന് ചൈനയും ആവശ്യപ്പെടും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

