ഉന്നത വിദ്യാഭ്യാസ രംഗത്ത് കണ്ണൂർ സർവകലാശാലയ്ക്ക് അഭിമാനകരമായ നേട്ടം. കേന്ദ്രസർക്കാരിന്റെ അനുസന്ധാൻ നാഷനൽ റിസേർച് ഫൗണ്ടേഷൻ (എഎൻആർഎഫ്) രാജ്യത്തെ മികച്ച ഗവേഷകർക്കായി ഏർപ്പെടുത്തിയ പ്രഖ്യാപിത ഗവേഷണ ഗ്രാന്റിന് കണ്ണൂർ സർവകലാശാല ഭൗതികശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ.
വിജിത്ത് അർഹനായി. മൂന്ന് വർഷത്തെ ശാസ്ത്രീയ പഠനങ്ങൾക്കും പരീക്ഷണങ്ങൾക്കുമായാണ് ആകെ 63 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്.
ഗവേഷകരുടെ കരിയറിന്റെ തുടക്ക ഘട്ടത്തിൽ ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരങ്ങളിലൊന്നായാണ് ഈ ദേശീയ ഫൗണ്ടേഷൻ ഗ്രാന്റ് കണക്കാക്കപ്പെടുന്നത്. ക്വാണ്ടം മെക്കാനിക്സിലെ ടണലിംഗ് പ്രതിഭാസത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന, നാനോമീറ്റർ ലെവലിൽ അതായത് 1 മുതൽ 5 നാനോമീറ്റർ വരെ മാത്രം വലിപ്പമുള്ള ജംഗ്ഷനുകളാണ് ഈ ഗവേഷണ പദ്ധതിയുടെ കാതൽ.
രണ്ട് വൈദ്യുതചാലക വസ്തുക്കൾക്കിടയിൽ സ്ഥിതി ചെയ്യുന്ന തീർത്തും നേർത്ത ഇൻസുലേറ്റിംഗ് പാളിയെയാണ് സാങ്കേതികമായി ടണൽ ജംഗ്ഷൻ എന്ന് വിളിക്കുന്നത്. ഒരേ സമയം പ്രകാശത്തെയും ഇലക്ട്രോണുകളെയും ഒരുപോലെ നിയന്ത്രിക്കാൻ സാധിക്കുന്ന നൂതന സാങ്കേതികവിദ്യയാണ് ഈ ജംഗ്ഷനുകൾ വാഗ്ദാനം ചെയ്യുന്നത്.
ഈ പ്രത്യേക ജംഗ്ഷനുകളിലൂടെയുള്ള ഇലക്ട്രോൺ ടണലിംഗ് പ്രക്രിയയിലൂടെ പ്ലാസ്മോണുകൾ അഥവാ ലോഹ ഉപരിതലത്തിലെ ഇലക്ട്രോണുകളുടെ കൂട്ട ചലനം ഉൽപ്പാദിപ്പിക്കാനും അവയെ കൃത്യമായി കണ്ടെത്താനും സാധിക്കും.
ഇത്തരം പ്രവർത്തനങ്ങൾക്കായി ഒരു സിംഗിൾ പ്ലാറ്റഫോം വികസിപ്പിച്ചെടുക്കുക എന്നതാണ് ഈ ഗവേഷണത്തിന്റെ ആത്യന്തിക ലക്ഷ്യം. നാനോസ്കെയിൽ തലത്തിൽ പ്രകാശവും ദ്രവ്യവും തമ്മിലുള്ള പരസ്പര പ്രവർത്തനങ്ങളെ കൂടുതൽ വിപുലപ്പെടുത്താൻ ഈ പഠനം സഹായകമാകും.
കൂടാതെ, ഭാവിയിൽ പുതിയ ഒപ്റ്റോ-ഇലക്ട്രോണിക് ആപ്ലിക്കേഷനുകൾ, അത്യാധുനിക ഇമേജിംഗ് സംവിധാനങ്ങൾ, ക്വാണ്ടം സ്രോതസ്സുകൾ എന്നിവയുടെ വികസനത്തിലേക്കും ഈ ഗവേഷണം വഴിതെളിക്കും. കോഴിക്കോട് കൊടൽ-നടക്കാവ് സ്വദേശിയാണ് ഡോ.
വിജിത്ത്. സിങ്കപ്പൂർ നാഷണൽ യൂണിവേഴ്സിറ്റിയിൽ നിന്നും അഞ്ച് വർഷത്തെ ഉപരിപഠനവും പോസ്റ്റ്ഡോക്ടറൽ റിസേർച്ചു പൂർത്തിയാക്കിയ ശേഷമാണ് അദ്ദേഹം കണ്ണൂർ സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസറായി ഔദ്യോഗിക ജീവിതത്തിലേക്ക് പ്രവേശിച്ചത്.
കഴിഞ്ഞ മൂന്ന് വർഷമായി അദ്ദേഹം സർവകലാശാലയിലെ ഭൗതികശാസ്ത്ര വിഭാഗത്തിൽ സേവനം അനുഷ്ഠിച്ചു വരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

