ഇരിങ്ങാലക്കുട∙ കേരളീയ സദ്യകളിൽ സ്വാഭാവികമായും എട്ടോ പതിനാറോ കൂട്ടം കറികളാണ് സാധാരണയായി വിളമ്പാറുള്ളത്. എന്നാൽ, ഇലയിൽ 412 വ്യത്യസ്ത വിഭവങ്ങൾ നിരത്തി ശ്രദ്ധേയമായി മാറിയിരിക്കുകയാണ് ഇരിങ്ങാലക്കുട
ക്രൈസ്റ്റ് കോളജ്. കോളജിലെ കൊമേഴ്സ് വിഭാഗം (ഫിനാൻസ്) സംഘടിപ്പിച്ച മെഗാ ഓണസദ്യയിലാണ് നാനൂറിലധികം വിഭവങ്ങളോടെയുള്ള ഈ വിരുന്ന് ഒരുക്കിയത്.
ഈ കറികളായ കറികളൊക്കെയും ഉണ്ടാക്കിയതോ കോമേഴ്സിലെ വിദ്യാർഥികൾ തന്നെയാണ് എന്നതും പ്രത്യേകതയാണ്. കണ്ടാൽ ഇലയിലൊരു മനോഹരമായ പൂക്കളം തീർത്തതാണെന്നേ ആർക്കും തോന്നുകയുള്ളൂ.
തൊട്ടു കൂട്ടാനുള്ള അച്ചാറിൽ തുടങ്ങി അവസാനത്തെ പായസത്തിൽ വരെ രുചിയുടെ വലിയ വൈവിധ്യമാണ് ഒരുക്കിയിരുന്നത്. കാട്ടു നാരങ്ങ മുതൽ തൈര് മുളക് വരെ നീളുന്ന 44 വിധം അച്ചാറുകളാണ് ഇലയിലുണ്ടായിരുന്നത്.
ഇതിനുപുറമേ കാബേജും പിണ്ടിയും ഉൾപ്പെടെ 37 കൂട്ടം തോരനുകളും നിരന്നു. ഭക്ഷണത്തോടൊപ്പം ഒഴിച്ചുകൂട്ടാൻ സാധാരണ സാമ്പാർ മുതൽ മാമ്പഴ സാമ്പാർ, ഉള്ളി തീയൽ ഉൾപ്പെടെയുള്ള 29 പ്രധാന കറികളാണ് തയ്യാറാക്കിയത്.
ഇതോടൊപ്പം 21 കൂട്ടം സാലഡുകൾ, 72 സൈഡ് ഡിഷുകൾ, വ്യത്യസ്തമായ 27 ചമ്മന്തികൾ, 28 വിധം ചിപ്സുകൾ എന്നിവയും വിളമ്പി. കറികളെല്ലാം കഴിഞ്ഞുള്ള പായസങ്ങളുടെ വരവാണ് സദ്യയുടെ മറ്റൊരു പ്രധാന ആകർഷണം.
പാലട, മൂങ്ങ് ദാൽ, കൂവപ്പൊടി, മില്ലറ്റ് തുടങ്ങി മധുരക്കിഴങ്ങ് പായസം വരെ നീളുന്ന വലിയൊരു നിരയാണ് അതിഥികൾക്കായി ഒരുക്കിയിരുന്നത്. 2016 മുതലാണ് കൊമേഴ്സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ക്രൈസ്റ്റ് കോളജിൽ ഇത്തരത്തിലുള്ള മെഗാ സദ്യ ഒരുക്കിത്തുടങ്ങിയത്.
അധ്യാപകരായ സി.എൽ.സിജി, ഡോ. ലിൻഡ മേരി സൈമൺ എന്നിവരാണ് ഇത്തവണത്തെ മെഗാ സദ്യയുടെ സംഘാടകർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

