രാജ്യത്ത് തൂക്കിലേറ്റിയുള്ള വധശിക്ഷ സമ്പ്രദായം തുടരുമെന്ന് വ്യക്തമാക്കി സുപ്രീംകോടതി. വധശിക്ഷ നടപ്പാക്കാൻ തൂക്കിലേറ്റുന്നതിന് പകരം വേദനരഹിതമായ മറ്റു മാർഗങ്ങൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയാണ് സുപ്രീംകോടതി തള്ളിക്കളഞ്ഞത്.
ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരുൾപ്പെട്ട ബെഞ്ചാണ് സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.
എങ്കിലും, നിലവിലെ വധശിക്ഷ നടപ്പാക്കൽ രീതികൾ കേന്ദ്ര സർക്കാരിന് പുനഃപരിശോധിക്കാമെന്നും ഇതിനായി ഒരു വിദഗ്ധ സമിതിയെ നിയോഗിക്കാമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. വേദന കുറയ്ക്കുന്നതും ശിക്ഷിക്കപ്പെടുന്നവരുടെ അന്തസ്സ് സംരക്ഷിക്കുന്നതുമായ ഏതെങ്കിലും ബദൽ മാർഗങ്ങൾ ലഭ്യമാണോ എന്ന് സമിതിക്ക് പരിശോധിക്കാമെന്നും കോടതി നിർദ്ദേശിച്ചു.
തൂക്കിലേറ്റി വധശിക്ഷ നടപ്പാക്കുന്നത് ക്രൂരവും മനുഷ്യത്വരഹിതവുമാണെന്നും, അന്തസ്സോടെ മരിക്കാനുള്ള അവകാശം ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്നുമായിരുന്നു ഹർജിക്കാരന്റെ പ്രധാന വാദം. 2017-ൽ മുതിർന്ന അഭിഭാഷകൻ ഋഷി മൽഹോത്ര ആണ് തൂക്കിലേറ്റിയുള്ള വധശിക്ഷാ രീതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത്.
സിആർപിസി സെക്ഷൻ 354 (5) പ്രകാരം വധശിക്ഷ നടപ്പാക്കാൻ തൂക്കിലേറ്റുന്നത് വ്യവസ്ഥ ചെയ്യുന്ന വകുപ്പാണ് ഹർജിയിൽ ചോദ്യം ചെയ്തിരുന്നത്. തൂക്കിലേറ്റുന്നതിന് പകരം മാരകമായ കുത്തിവെപ്പ് ഉൾപ്പെടെയുള്ള ബദൽ മാർഗങ്ങൾ സ്വീകരിക്കണമെന്നായിരുന്നു ആവശ്യം.
കൂടാതെ, പല വിദേശ രാജ്യങ്ങളും തൂക്കിലേറ്റിയുള്ള രീതി ഒഴിവാക്കിയിട്ടുള്ള വിവരവും ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. ഹർജിയുടെ ഭാഗമായി, വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തടവിൽ കഴിയുന്നവർക്ക് നിയമസഹായം നൽകുന്ന ‘പ്രൊജക്ട് 39 എ’ പ്രോഗ്രാമിനെ പ്രതിനിധീകരിച്ച് അഡ്വ.
മീനാക്ഷി അറോറയുടെ വാദങ്ങളും കോടതി കേട്ടു. മാരകമായ കുത്തിവെപ്പ് പലയിടത്തും അത്ര വിജയകരമല്ലെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ച അവർ, വിഷയം സമഗ്രമായി പരിശോധിക്കാൻ പ്രത്യേക സമിതി രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടു.
നേരത്തെ, കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണി, സർക്കാർ ഈ വിഷയം ഗൗരവമായി പരിശോധിച്ചുവരികയാണെന്ന് കോടതിയെ അറിയിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

