സാങ്കേതികവിദ്യയുടെ സഹായത്തോടെ ആർക്കും സ്വന്തമായി വെബ്സൈറ്റ് നിർമിക്കാനുള്ള നൂതന സംവിധാനവുമായി മലയാളി സംരംഭകർ. കോഡിങ് അറിവുകളോ ഡെവലപ്പർമാരുടെ സഹായമോ ഇല്ലാതെ തന്നെ വാട്സാപ് വഴി വെബ്സൈറ്റ് സൃഷ്ടിക്കാൻ സാധിക്കുന്ന Eezix.ai എന്ന പ്ലാറ്റ്ഫോമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ഇടുക്കി വെൺമണി സ്വദേശിയായ ഷിജോ വി.ജോസ്, സുഹൃത്തുക്കളായ രഞ്ജു സെബാസ്റ്റ്യൻ, ജിസിൻ ജോസഫ് എന്നിവർ ചേർന്നാണ് നിർമിത ബുദ്ധിയുടെ (AI) പിന്തുണയോടെ ഈ സംരംഭത്തിന് രൂപം നൽകിയിരിക്കുന്നത്. ഉപയോക്താക്കൾ ഔദ്യോഗിക വാട്സാപ് നമ്പറിലേക്ക് സന്ദേശം അയക്കുന്നതോടെയാണ് പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്.
തുടർന്ന് എഐ ചാറ്റ്ബോട്ട് ചോദിക്കുന്ന ലളിതമായ ചോദ്യങ്ങൾക്ക് മറുപടി നൽകണം. ഉപയോക്താവ് നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ മിനിറ്റുകൾക്കകം പ്രഫഷനൽ നിലവാരത്തിലുള്ള വെബ്സൈറ്റ് തയ്യാറാകുകയും, അതിന്റെ ലിങ്ക് വാട്സാപ്പിൽ തന്നെ ലഭ്യമാക്കുകയും ചെയ്യും.
ലഭിക്കുന്ന വെബ്സൈറ്റിന്റെ രൂപഭാവങ്ങളിൽ മാറ്റങ്ങൾ വരുത്താൻ ആഗ്രഹിക്കുന്നവർക്ക് സ്വന്തമായി എഡിറ്റ് ചെയ്യാനുള്ള സൗകര്യവുമുണ്ട്. ഇതിനുപുറമെ, സപ്പോർട്ട് പാക്കേജ് തിരഞ്ഞെടുക്കുന്നവർക്ക് വെബ്സൈറ്റിന്റെ തുടർ ഡിസൈനിങ്ങിൽ കമ്പനിയുടെ സഹായവും ലഭിക്കും.
ഉപയോക്താക്കളുടെ സംശയ നിവാരണത്തിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കസ്റ്റമർ സപ്പോർട്ട് ടീമും സജ്ജീകരിച്ചിട്ടുണ്ട്. 2010-ൽ ബിസിഎ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഈ മൂന്ന് സുഹൃത്തുക്കൾ 2014-ൽ എയ്ഡർ പ്രോ ടെക്നോളജീസ് എന്ന പേരിൽ ഒരു സ്റ്റാർട്ടപ്പ് ആരംഭിച്ചിരുന്നു.
സർവർ മാനേജ്മെന്റ്, വെബ്സൈറ്റ് ഡവലപ്മെന്റ് തുടങ്ങിയ മേഖലകളിലായിരുന്നു ആദ്യകാല സേവനങ്ങൾ. തുടർന്ന് 2021-ൽ കോവിഡ് മഹാമാരിക്ക് മുൻപായി ടാക്സി ബുക്കിങ് പ്ലാറ്റ്ഫോം വികസിപ്പിച്ചെങ്കിലും കോവിഡ് പ്രതിസന്ധിയെ തുടർന്ന് ടൂറിസം മേഖല സ്തംഭിച്ചതോടെ പദ്ധതി മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചില്ല.
പിന്നീട് ഇ-വിസിറ്റിങ് കാർഡ് പ്ലാറ്റ്ഫോം അവതരിപ്പിച്ച ശേഷമാണ് ഇപ്പോൾ Eezix.ai എന്ന ആശയത്തിലേക്ക് ഇവർ എത്തിച്ചേർന്നത്. ചെറുകിട–ഇടത്തരം സംരംഭകർ, വ്യാപാരികൾ, ഇ–കൊമേഴ്സ് സ്ഥാപനങ്ങൾ എന്നിവർക്കും ബിസിനസ് വെബ്സൈറ്റുകളിലൂടെ തങ്ങളുടെ സേവനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ ഈ സംവിധാനം ഏറെ പ്രയോജനകരമാണെന്ന് ഷിജോ വി.ജോസ് ഉൾപ്പെടെയുള്ളവർ വ്യക്തമാക്കുന്നു.
നിലവിൽ മൂവായിരത്തോളം പേരാണ് ഈ നവീന പ്ലാറ്റ്ഫോം ഉപയോഗിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

