പാലക്കാട് സിപിഎം മുൻ ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബുവിനെതിരെ പരാതി ലഭിച്ചിട്ടുണ്ടോ എന്ന കാര്യം തനിക്ക് ഔദ്യോഗികമായി അറിയില്ലെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ വ്യക്തമാക്കി. പാർട്ടി സംവിധാനത്തിന് ലഭിക്കുന്ന ഏത് പരാതികളിലും വ്യക്തമായ നിലപാടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സംഘടനയ്ക്ക് മുന്നിൽ എത്തുന്ന പരാതികളിൽ പ്രാഥമിക അന്വേഷണം നടത്തുന്നത് പാർട്ടിയാണ്. എന്നാൽ പരാതികൾ നേരിട്ട് പൊലീസിന് കൈമാറുന്ന രീതി പാർട്ടിയുടെ രീതിയല്ലെന്നും അത്തരം നടപടികൾ പാർട്ടിക്ക് വിധേയമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പരാതി ലഭിച്ചാൽ കൃത്യമായ അന്വേഷണം നടത്തുക എന്നത് സംഘടനാപരമായ സ്വാഭാവിക നടപടി മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പീഡന പരാതികൾ നേരിട്ട് പൊലീസിന് കൈമാറുന്നത് കോൺഗ്രസിന്റെ സംഘടനാ ശൈലിയാണ്.
എന്നാൽ സിപിഎമ്മിന് അതിന്റേതായ പ്രത്യേക പ്രവർത്തന രീതികളുണ്ട്. ആ വഴിയിലൂടെ മാത്രമെ മുന്നോട്ട് പോവുകയുള്ളൂ.
പരാതി ലഭിച്ചാൽ അത് അന്വേഷിക്കാനുള്ള സ്വന്തം സംവിധാനം പാർട്ടിക്കുണ്ട്. അത്തരം സന്ദർഭങ്ങളിൽ പാർട്ടി ഭരണഘടന ഉയർത്തിപ്പിടിച്ചുകൊണ്ട് മാത്രമേ അന്വേഷണം നടത്തുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
പികെ ശ്രീമതി ടീച്ചർ വ്യക്തമാക്കിയത് പാർട്ടിയുടെ ഔദ്യോഗിക നിലപാടാണെന്നും, ഇത്തരത്തിലുള്ള പരാതികൾ പൊലീസിന് കൈമാറുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ആലോചിച്ച് മറുപടി നൽകാമെന്നും ടിപി രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.
ഇന്ത്യ മുന്നണിയിൽ കോൺഗ്രസ് സ്വീകരിക്കുന്ന സമീപനത്തിനെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. സഖ്യത്തോടൊപ്പം ചേർന്ന് മുന്നോട്ട് പോകുന്നതിൽ കോൺഗ്രസിന്റെ ഭാഗത്തുനിന്ന് വ്യത്യസ്തമായ സമീപനമാണ് ഉണ്ടാകുന്നത്.
കേരളത്തിലും ദേശീയ തലത്തിലും കോൺഗ്രസ് ഈ രീതിയാണ് പിന്തുടരുന്നത്. ഇന്ത്യ ബ്ലോക്ക് സഖ്യത്തെ ശക്തിപ്പെടുത്താൻ കോൺഗ്രസ് തയ്യാറാകണം.
ബിജെപിയോടുള്ള സമീപനത്തിൽ കോൺഗ്രസിന് മാറ്റം വന്നാൽ മാത്രമേ യോജിച്ച് പോകാൻ സാധിക്കൂ. എന്നാൽ കേരളത്തിൽ ഇതിന് വിപരീതമായ സ്ഥിതിയാണ് ഉള്ളത്.
ദേശീയ തലത്തിലും സംസ്ഥാനത്തും ഈ വ്യത്യസ്ത സമീപനം വ്യക്തമായി പ്രകടമാണ്. ജനാധിപത്യ സംരക്ഷണത്തിനായുള്ള സമരങ്ങളിൽ കോൺഗ്രസിനൊപ്പം നിൽക്കുമെന്ന് എംഎ ബേബി വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ അതിനപ്പുറം ഇന്ത്യ മുന്നണിയിൽ കോൺഗ്രസ് വിരുദ്ധ നിലപാടുകൾ തുടരുകയാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാം സിപിഎം ശക്തമായി ചോദ്യം ചെയ്യുമെന്നും എല്ലാ കാര്യങ്ങളിലും യോജിച്ചുള്ള സമീപനമാണ് ഉണ്ടാകേണ്ടതെന്നും ടിപി രാമകൃഷ്ണൻ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

