വാഷിങ്ടൻ: ഇന്ത്യയിലെ വോട്ടർമാരുടെ തിരിച്ചറിയൽ കാർഡുകളെയും തിരഞ്ഞെടുപ്പ് പ്രക്രിയയെയും പ്രശംസിച്ച് യുഎസ് പ്രസിഡന്റ് രംഗത്ത്. ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡുകൾ നിർബന്ധമാക്കുന്ന ‘സേവ് അമേരിക്ക ആക്ട്’ നടപ്പിലാക്കണമെന്ന് അഭിപ്രായപ്പെട്ടാണ് സമൂഹമാധ്യമത്തിൽ ട്രംപ് ഇക്കാര്യം ചൂണ്ടിക്കാണിച്ചത്.
ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായ ഗ്യാനേഷ് കുമാറിന്റെ ചോദ്യവും ട്രംപ് തന്റെ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡില്ലാതെ അമേരിക്കയിൽ എങ്ങനെ തിരഞ്ഞെടുപ്പ് നടത്താൻ സാധിക്കുമെന്ന് ഗ്യാനേഷ് കുമാർ യുഎസ് ഭരണകൂടത്തോട് ചോദിച്ചതായി ഡോണൾഡ് ട്രംപ് വ്യക്തമാക്കി.
ഇന്ത്യയിലെ തിരഞ്ഞെടുപ്പിൽ 64,60,00,000 വോട്ടർമാരാണുണ്ടായിരുന്നത്. ഇതിൽ ഒരു ശതമാനത്തിൽ താഴെ ആളുകൾ മാത്രമാണ് തപാൽ മാർഗം വോട്ട് ചെയ്തത്.
ഓരോ വോട്ടർക്കും ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ ഉറപ്പാക്കിയിരുന്നു. സേവ് അമേരിക്ക ആക്ട് യുഎസ് ഉടൻ പാസാക്കേണ്ടതുണ്ടെന്നും ട്രംപ് തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോറുമായി ഗ്യാനേഷ് കുമാർ കൂടിക്കാഴ്ച നടത്തി ഒരാഴ്ചയ്ക്ക് ശേഷമാണ് ട്രംപിന്റെ ഈ പ്രതികരണം പുറത്തുവരുന്നത്. തിരഞ്ഞെടുപ്പ് നടത്തിപ്പിലും ജീവനക്കാരുടെ പരിശീലനത്തിലും സഹകരണം ശക്തമാക്കാൻ ഇരുവരും തമ്മിൽ ധാരണയിലെത്തിയിരുന്നു.
ഡോണൾഡ് ട്രംപ് പറഞ്ഞിരിക്കുന്ന കാര്യങ്ങളെ പൂർണ്ണമായി പിന്തുണച്ച് സെർജിയോ ഗോറും രംഗത്തെത്തിയിട്ടുണ്ട്. സേവ് അമേരിക്ക ആക്ട് എത്രയും പെട്ടെന്ന് പാസാക്കണമെന്നാണ് അദ്ദേഹവും ആവശ്യപ്പെട്ടിരിക്കുന്നത്.
ഈ നിയമം പ്രാബല്യത്തിൽ വന്നാൽ വോട്ടർ റജിസ്ട്രേഷൻ സമയത്ത് പൗരത്വത്തിന്റെ തെളിവും വോട്ട് ചെയ്യുമ്പോൾ ഫോട്ടോ ഐഡിയും നിർബന്ധമായും ഹാജരാക്കേണ്ടി വരും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

