തൃശൂരിലെ പുലിക്കളി സംഘങ്ങൾക്ക് ധനസഹായം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ മുൻ ടൂറിസം സെക്രട്ടറിക്കെതിരെ കടുത്ത വിമർശനവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി രംഗത്ത്.
താൻ ചെയ്യാത്ത തെറ്റിന്റെ പേരിൽ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ അധമപ്രവർത്തനമാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ധനസഹായം കൈമാറുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദിയുടെയും അമിത്ഷായുടെയും സുരേഷ് ഗോപിയുടെയും വീട്ടിൽ നിന്നല്ല ഈ ഫണ്ട് കൊടുക്കുന്നതെന്നും, ഇത് ഇന്ത്യയുടെ ഫണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. സംഘങ്ങൾ മാനദണ്ഡങ്ങളും ചട്ടങ്ങളും പൂർണ്ണമായി വായിച്ചു മനസ്സിലാക്കണമെന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വലിയ സന്തോഷത്തോടെയല്ല താൻ ഈ പരിപാടിയിൽ പങ്കെടുക്കുന്നതെന്നും, ടൂറിസം വകുപ്പും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ചേർന്ന് അധമമായ രാഷ്ട്രീയ പ്രവർത്തനമാണ് നടത്തിയതെന്നും സുരേഷ് ഗോപി തുറന്നടിച്ചു.
ഈ വിഷയവുമായി ബന്ധപ്പെട്ട് ടൂറിസം സെക്രട്ടറി ബിജുവിനെ നിരവധി തവണ ബന്ധപ്പെട്ടിരുന്നുവെന്നും, തനിക്ക് ഈ പദ്ധതിയുടെ ഭാഗമാകണമെന്ന് വ്യക്തമാക്കിയതാണെന്നും അദ്ദേഹം വെളിപ്പെടുത്തി. പുലിക്കളി സംഘങ്ങൾക്ക് ഇതിനു മുൻപ് ഇത്തരത്തിൽ ഫണ്ട് അനുവദിച്ച ചരിത്രമില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഒരു സാധാരണ ഓഫീസർക്കല്ല താൻ നിർദേശങ്ങൾ അയച്ചതെന്നും, മറിച്ച് ഒരു സംസ്ഥാനത്തിന്റെ വകുപ്പ് സെക്രട്ടറിക്കും കളക്ടർക്കുമാണ് നിർദേശങ്ങൾ നൽകിയതെന്നും വ്യക്തമാക്കിയ അദ്ദേഹം മുൻ കളക്ടറേയും വിമർശനത്തിന് വിധേയനാക്കി. താൻ ചെയ്യാത്ത തെറ്റിന്റെ പേരിൽ, ഇത് തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചവർ ഇതിന് പ്രായശ്ചിത്തം ചെയ്യേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഇൻക്രെഡിബിൾ ഇന്ത്യ ലോഗോ വരാത്തത് നിയമപരമായ വീഴ്ചയാണെന്നും, ആ വീഴ്ച്ച കേരള സർക്കാർ ഏറ്റുപറഞ്ഞതോടെയാണ് ഫണ്ട് അനുവദിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. ഇവിടെ നിന്ന് വിജയിച്ച് മന്ത്രിയായ ഒരാളാണ് ഈ നടപടികൾക്ക് കുടപിടിച്ചത് എന്നും, ആരും ഇത്രത്തോളം അധമനാകരുതെന്നും സുരേഷ് ഗോപി കടുത്ത ഭാഷയിൽ വിമർശിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

