കോഴിക്കോട് തിരുവമ്പാടിയിലെ കെഎസ്ഇബിയുടെ ഉറുമി രണ്ടാംഘട്ട ജലവൈദ്യുത പദ്ധതിയുടെ പ്രവർത്തനം നിലച്ചിട്ട് മൂന്ന് വർഷം പിന്നിടുന്നു.
2023 ജൂലൈ 4-ന് ഡാമിൽ നിന്ന് പവർ ഹൗസിലേക്ക് വെള്ളം എത്തിക്കുന്ന പെൻസ്റ്റോക്ക് പൈപ്പ് തകർന്നതാണ് പദ്ധതിയുടെ പ്രവർത്തനത്തെ ബാധിച്ചത്. പൈപ്പ് പൊട്ടി പവർ ഹൗസിലേക്ക് വെള്ളം ഇരച്ചുകയറിയതോടെ ജനറേറ്ററുകൾ ഉൾപ്പെടെയുള്ള സുപ്രധാന സംവിധാനങ്ങൾ പൂർണമായും നശിക്കുകയായിരുന്നു.
0.8 മെഗാവാട്ട് ശേഷിയുള്ള മൂന്ന് ജനറേറ്ററുകൾ തകരാറിലായതോടെ മൊത്തം 2.4 മെഗാവാട്ട് ഉൽപാദനമാണ് നിലച്ചത്. ഇത് കെഎസ്ഇബിക്ക് കനത്ത സാമ്പത്തിക നഷ്ടമാണ് വരുത്തിവെച്ചിരിക്കുന്നത്.
2004-ൽ കമ്മീഷൻ ചെയ്ത പദ്ധതിയിൽ കാലോചിതമായ അറ്റകുറ്റപ്പണികൾ നടത്താത്തതാണ് അപകടത്തിന് വഴിയൊരുക്കിയതെന്ന് പ്രാഥമിക വിലയിരുത്തലുകൾ വ്യക്തമാക്കുന്നു. തുടർന്ന് വിദഗ്ധ സമിതിയുടെ നേതൃത്വത്തിൽ സമഗ്രമായ പരിശോധന നടക്കുകയും, പെൻസ്റ്റോക്ക് പൈപ്പുകൾ പൂർണമായും മാറ്റാൻ തീരുമാനിക്കുകയും ചെയ്തു.
ഇതിനായി ഏകദേശം 2 കോടി രൂപ അനുവദിക്കുകയും ചെയ്തു. തകർന്ന പൈപ്പിന്റെ സാമ്പിളുകൾ കൊച്ചിൻ ഷിപ് യാർഡിൽ അയച്ച് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.
മഞ്ഞപ്പൊയിൽ പാലത്തിന് സമീപം നിർമ്മാണ കേന്ദ്രം സ്ഥാപിച്ച് പുതിയ പൈപ്പുകൾ നിർമ്മിക്കുന്ന ജോലികൾ ആരംഭിച്ചു. പവർ ഹൗസിലെ ജനറേറ്റർ സംവിധാനങ്ങൾ നവീകരിക്കുകയും കൺട്രോൾ റൂമിലെ ഇലക്ട്രിക് പാനലുകൾ മാറ്റി ഡിജിറ്റൽ സംവിധാനങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു.
ഡാമിനോട് ചേർന്ന ടാങ്ക് മുതൽ പവർ ഹൗസ് വരെയുള്ള 190 മീറ്റർ ദൂരത്തിൽ പൈപ്പ് സ്ഥാപിക്കുന്നതിനായി വലിയ ചാൽ എടുക്കുന്ന ജോലികൾക്ക് ദീർഘകാലം വേണ്ടിവന്നു. നിലവിൽ പൈപ്പുകൾക്ക് മുകളിൽ സംരക്ഷണ വലയമൊരുക്കി കോൺക്രീറ്റ് ചെയ്യുന്ന ജോലികൾ നടന്നുവരികയാണ്.
ഉറുമി റോഡിന് താഴെയുള്ള ഭാഗത്തെ പ്രവൃത്തികൾ പൂർത്തിയായെങ്കിലും മുകൾ ഭാഗത്തെ നിർമ്മാണങ്ങൾ ഇനിയും ബാക്കിയാണ്. നിർമ്മാണ ജോലികൾ പൂർത്തിയാക്കി വെള്ളം നിറച്ച് പരീക്ഷണ ഓട്ടം (ടെസ്റ്റിങ്) നടത്തിയ ശേഷമേ വൈദ്യുതോൽപാദനം പുനരാരംഭിക്കാനാവൂ.
നിലവിൽ ഓഗസ്റ്റ് മാസത്തോടെ ഉൽപാദനം സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് കെഎസ്ഇബി അധികൃതർ. ഈ പദ്ധതിയുടെ പ്രവർത്തനം തടസ്സപ്പെട്ടത് മലബാർ മേഖലയിലെ വൈദ്യുതി വിതരണത്തിൽ വലിയ പ്രതിസന്ധികൾ സൃഷ്ടിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

