സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നേക്കാമെന്ന് കേരള സംസ്ഥാന വൈദ്യുതി ബോർഡ് (കെഎസ്ഇബി) അറിയിച്ചു. വൈകുന്നേരം 06:15 PM മുതൽ രാത്രി 12:45 മണി വരെയുള്ള സമയത്താണ് നിയന്ത്രണം ആവശ്യമായി വന്നേക്കാനിടയുള്ളത്.
എൽനിനോ പ്രതിഭാസത്തിന്റെ ഭാഗമായുള്ള മഴക്കുറവും അന്തരീക്ഷ താപനില ഉയർന്നുനിൽക്കുന്നതും കാരണം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വലിയ തോതിൽ തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിലെ പീക്ക് ഡിമാൻഡ് സാധാരണ വേനൽക്കാലങ്ങളിലെ ആവശ്യകതയ്ക്ക് തുല്യമാണ്.
മുൻകാലങ്ങളിലെ സെപ്റ്റംബർ മാസത്തെ അപേക്ഷിച്ച് നിലവിലെ ഡിമാൻഡിൽ ഏകദേശം 1100 മെഗാവാട്ട് വരെ വർധനവ് ഉണ്ടായിട്ടുണ്ട്. ഉയർന്ന വൈദ്യുതി ഉപയോഗം കാരണം മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് ഏകദേശം 700 മുതൽ 900 മെഗാവാട്ടിന്റെ ലഭ്യതക്കുറവ് അനുഭവപ്പെടാൻ സാധ്യതയുണ്ട്.
രാജ്യത്താകമാനം വൈദ്യുതി ആവശ്യകത ഉയർന്നതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയിലും കാര്യമായ കുറവുണ്ട്. ദേശീയ തലത്തിൽ ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യ അറിയിച്ച 12000 മെഗാവാട്ടിന്റെ കുറവ് പൂർണ്ണമായി പരിഹരിക്കപ്പെട്ടിട്ടില്ല.
സെൻട്രൽ ജനറേറ്റിംഗ് സ്റ്റേഷനിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിലും അപ്രതീക്ഷിത കുറവ് നേരിടുന്നുണ്ട്. ദേശീയതലത്തിൽ കാറ്റാടി നിലയങ്ങളിൽ നിന്നുള്ള ഉത്പാദനം കുറയുകയും ആവശ്യകത വർധിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ വൈദ്യുതി ലഭ്യത കുറയാൻ സാധ്യതയുണ്ടെന്ന് ദേശീയ ലോഡ് ഡെസ്പാച്ച് സെൻ്ററും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മധ്യപ്രദേശിൽ നിന്നും സ്വാപ്പ് പ്രകാരം ലഭിക്കേണ്ടിയിരുന്ന 200 മെഗാവാട്ട് വൈദ്യുതി ഇന്ന് ലഭ്യമല്ല. അതിനാൽ ഇന്ന് 200 മെഗാവാട്ടിന്റെ അധിക കുറവുകൂടി വരുന്നുണ്ട്.
എങ്കിലും നിരന്തരമായ ശ്രമഫലമായി 25 മെഗാവാട്ട് അധികമായി കണ്ടെത്താൻ സാധിച്ചിട്ടുണ്ട്. പവർ എക്സ്ചേഞ്ച് വഴി ആവശ്യത്തിന് വൈദ്യുതി ലഭിക്കാത്തതും ഗ്രിഡ് ഫ്രീക്വൻസി കുറയുന്നതുമായ സാഹചര്യമാണ് നിലവിലുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

