ദേശീയ അപ്രന്റിസ്ഷിപ്പ് പരിശീലന പദ്ധതിയുടെ വ്യാപ്തി വർധിപ്പിക്കുന്നതിന്റെ ഭാഗമായി, കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ബോർഡ് ഓഫ് അപ്രന്റിസ്ഷിപ്പ് ട്രെയിനിങ്ങും (BOAT) ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (IIIT) കോട്ടയവും സംയുക്തമായി ഇൻഡസ്ട്രീസ്–ഇൻസ്റ്റിറ്റ്യൂഷൻ ഇന്ററാക്ടീവ് മീറ്റ് സംഘടിപ്പിച്ചു. അക്കാദമിക് സ്ഥാപനങ്ങളും വ്യവസായ മേഖലയും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ, പദ്ധതിയെക്കുറിച്ചുള്ള അവബോധം ശക്തമാക്കുന്നതിനും ഊന്നൽ നൽകി.
കോട്ടയം, ആലപ്പുഴ ജില്ലകളിലെ വിവിധ വ്യവസായ സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് എച്ച്ആർ വിഭാഗം ഉദ്യോഗസ്ഥരും മാനേജ്മെന്റ് പ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തു. ബിഒഎടി (BOAT) ഡപ്യൂട്ടി ഡയറക്ടർ സുരേഷ് പദ്ധതിയുടെ പ്രസക്തിയെക്കുറിച്ച് വിശദീകരിച്ചു.
അപ്രന്റിസ്ഷിപ്പ് നിയമം 1961 പ്രകാരം വ്യവസായ സ്ഥാപനങ്ങൾക്കുള്ള ഉത്തരവാദിത്തങ്ങൾ, നാറ്റ്സ് (NATS) പദ്ധതി വഴി ലഭ്യമാകുന്ന ആനുകൂല്യങ്ങൾ, അപ്രന്റിസുമാരെ നിയമിക്കുന്നതിനുള്ള കൃത്യമായ നടപടിക്രമങ്ങൾ എന്നിവ അദ്ദേഹം യോഗത്തിൽ വ്യക്തമാക്കി. പരിപാടിയുടെ ഭാഗമായി നടന്ന സാങ്കേതിക സെഷനിൽ സ്ഥാപന റജിസ്ട്രേഷൻ, വിദ്യാർഥി റജിസ്ട്രേഷൻ, അപ്രന്റിസുമാരുടെ തിരഞ്ഞെടുപ്പ്, ക്ലെയിം സമർപ്പിക്കൽ, ഡിബിടി (DBT), സർടിഫിക്കറ്റ് ഓഫ് പ്രൊഫിഷൻസി വിതരണം എന്നിവ സംബന്ധിച്ച ലൈവ് ഡമോ അവതരിപ്പിച്ചു.
സംശയ നിവാരണത്തിനായുള്ള പ്രത്യേക സെഷനും സംഘടിപ്പിച്ചിരുന്നു. വ്യവസായ–വിദ്യാഭ്യാസ മേഖലകൾ തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിലൂടെ വിദ്യാർഥികൾക്ക് മികച്ച തൊഴിൽ പരിശീലന അവസരങ്ങൾ ഒരുക്കാൻ സാധിക്കുമെന്ന വിലയിരുത്തലിലാണ് പങ്കെടുത്തവർ.
വിദ്യാഭ്യാസ പ്രവർത്തകരും ബോർഡ് ഉദ്യോഗസ്ഥരും വ്യവസായ പ്രതിനിധികളും ഉൾപ്പെടെയുള്ളവരുടെ സജീവ പങ്കാളിത്തത്തോടെയാണ് പരിപാടി സമാപിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

