കൊച്ചി സർവകലാശാലയിൽ നടന്ന സ്റ്റാഫ് കൗൺസിൽ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ പാനലിന് ഉജ്ജ്വല വിജയം. തിരഞ്ഞെടുപ്പ് നടന്ന ആകെയുള്ള എട്ടു സീറ്റുകളിൽ ഏഴ് സീറ്റുകളും ഇടതുപക്ഷ പാനൽ സ്വന്തമാക്കി.
രണ്ട് അധ്യാപകർ, രണ്ട് അനധ്യാപകർ, രണ്ട് സെനറ്റ് അംഗങ്ങൾ, രണ്ട് സിൻഡിക്കേറ്റ് അംഗങ്ങൾ എന്നിങ്ങനെ എട്ടു പേരെയാണ് കൗൺസിലിലേക്ക് തിരഞ്ഞെടുക്കേണ്ടിയിരുന്നത്. സർവകലാശാലാ ചരിത്രത്തിൽ ആദ്യമായാണ് അനധ്യാപക, സെനറ്റ്, സിൻഡിക്കേറ്റ് വിഭാഗങ്ങളിലെ മുഴുവൻ സീറ്റുകളിലും ഇടതുപക്ഷ പ്രതിനിധികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുന്നത്.
അനധ്യാപക വിഭാഗത്തിൽ നിന്ന് മെറി മോൾ എ ജെ, മുഹമ്മദ് ഫാസിൽ കെ കെ എന്നിവരും, സെനറ്റ് വിഭാഗത്തിൽ നിന്ന് ഡോ. റെജിൽ റ്റി, മഞ്ജു എൻ തങ്കപ്പൻ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
സിൻഡിക്കേറ്റ് വിഭാഗത്തിൽ നിന്ന് ഡോ. പി കെ ബേബി, ഡോ.
ജി സന്തോഷ് കുമാർ എന്നിവരും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. അധ്യാപക വിഭാഗത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ കൊച്ചിൻ യൂണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷനെ പ്രതിനിധീകരിച്ച് ഡോ.
അബേഷ് രഘുവരൻ വിജയം ഉറപ്പിച്ചു. 2022 ലും 2024 ലും നടന്ന സ്റ്റാഫ് കൗൺസിൽ തിരഞ്ഞെടുപ്പുകളിൽ ആകെ പോൾ ചെയ്ത വോട്ടിന്റെ 70 ശതമാനത്തിലധികം വോട്ടുകൾ നേടി കൊച്ചിൻ യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷൻ പ്രതിനിധികൾ നേരത്തെയും മികവ് പുലർത്തിയിരുന്നു.
തിരഞ്ഞെടുപ്പ് വിജയത്തെ തുടർന്ന് സർവകലാശാലാ ക്യാംപസിൽ എംപ്ലോയീസ് അസോസിയേഷന്റെയും ടീച്ചേഴ്സ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ ആഹ്ലാദ പ്രകടനം സംഘടിപ്പിച്ചു. അമിനിറ്റി സെന്ററിന് മുന്നിൽ ചേർന്ന യോഗത്തിൽ കൊച്ചിൻ യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷൻ സെക്രട്ടറി ജിതിൻ ടി പി, കൊച്ചിൻ യൂണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷൻ സെക്രട്ടറി ഡോ.
അരുൺ ബാലകൃഷ്ണൻ, ഡോ. വി എസ് ശിവൻകുട്ടി എന്നിവർ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

