പശ്ചിമേഷ്യൻ സംഘർഷത്തിന് അയവുവരുത്തുന്നതിനും തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം സുഗമമാക്കുന്നതിനുമായി അമേരിക്കയും ഇറാനും തമ്മിൽ താൽക്കാലിക സമാധാന കരാറിൽ ഒപ്പുവെച്ചു. ഈ നിർണ്ണായക തീരുമാനത്തിന് പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തി.
നിലവിൽ ബ്രെന്റ് ക്രൂഡ് വില ബാരലിന് 78.66 ഡോളറായും, ഡബ്ല്യുടിഐ ക്രൂഡ് വില ബാരലിന് 75.81 ഡോളറായും കുറഞ്ഞു. യുദ്ധസാഹചര്യത്തിൽ 114 ഡോളർ വരെ ഉയർന്ന ക്രൂഡ് ഓയിൽ വിലയാണ് ഇപ്പോൾ 75 ഡോളറിലേക്ക് താഴുന്നത്.
കരാർ ഒപ്പുവെച്ച വിവരം പുറത്തുവന്നതോടെ വിപണിയിൽ വലിയ ആശ്വാസമാണ് പ്രകടമായത്. ഇതിനിടെ, ഇറാൻ മര്യാദയ്ക്ക് പെരുമാറിയില്ലെങ്കിൽ വീണ്ടും ആക്രമിക്കുമെന്ന് ഡോണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയത് വിലയിൽ നേരിയ വ്യതിയാനമുണ്ടാക്കിയെങ്കിലും, കരാർ നിലവിൽ വന്നതോടെ വില താഴേക്ക് തന്നെ തുടരുകയായിരുന്നു.
കരാറിലെ പ്രധാന വ്യവസ്ഥകൾ
ഇരുരാജ്യങ്ങളും ഒപ്പുവെച്ച 14 ഇന ധാരണാപത്രം അനുസരിച്ച്, വരുംദിവസങ്ങളിൽ താഴെ പറയുന്ന നടപടികൾ സ്വീകരിക്കും:
– ഇരുരാജ്യങ്ങളും തമ്മിൽ 60 ദിവസത്തെ ചർച്ചാ കാലാവധി നിശ്ചയിച്ചിട്ടുണ്ട്.
– ഈ കാലയളവിൽ ഹോർമുസ് കടലിടുക്ക് വഴി നികുതികളില്ലാതെ കപ്പൽ ഗതാഗതം അനുവദിക്കാൻ ഇറാൻ സമ്മതിച്ചു.
– 30 ദിവസത്തിനുള്ളിൽ എണ്ണ-വാതക ഗതാഗതം പൂർണ്ണ ശേഷിയിൽ പുനഃസ്ഥാപിക്കുകയാണ് കരാറിന്റെ പ്രധാന ലക്ഷ്യം.
– ഇറാന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി അമേരിക്കയും പങ്കാളികളും ചേർന്ന് 300 ബില്യൺ ഡോളറിന്റെ സാമ്പത്തിക പാക്കേജ് നടപ്പിലാക്കും. എണ്ണ വിപണി വീണ്ടും സജീവമാകുന്നതോടെ ആഗോളതലത്തിൽ നിലനിന്നിരുന്ന ഇന്ധനക്ഷാമം പരിഹരിക്കപ്പെടുമെന്നാണ് വിലയിരുത്തൽ.
അതേസമയം, ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട സങ്കീർണ്ണമായ വിഷയങ്ങൾ ഈ താൽക്കാലിക കരാറിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

