ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ കഴിഞ്ഞ മാസം 23-ാം തീയതി കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ അതീവ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് താഴ്ന്നുപറന്ന സംഭവത്തിൽ ആഭ്യന്തര അന്വേഷണ റിപ്പോർട്ട് പുറത്തുവന്നു. ആകാശമാർഗ്ഗേണ അയ്യപ്പനെ തൊഴുക എന്ന ലക്ഷ്യത്തോടെയാണ് ഹെലികോപ്റ്റർ താഴ്ത്തി പറത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി.
നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ കോസ്റ്റ് ഗാർഡ് എയർക്രാഫ്റ്റ് ഓപ്പറേറ്റിങ് യൂണിറ്റിലെ ഉന്നത ഉദ്യോഗസ്ഥന്റെ നിർദ്ദേശപ്രകാരമാണ് ഈ നടപടിയുണ്ടായതെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നു. സുരക്ഷാ മേഖലയിൽ ഉൾപ്പെടുന്ന പ്രദേശത്തിന് മുകളിലൂടെയുള്ള ഈ പ്രവൃത്തി വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
തുടർന്ന്, ആരോപണവിധേയനായ ഉദ്യോഗസ്ഥനെ നെടുമ്പാശ്ശേരിയിലെ ചുമതലകളിൽ നിന്ന് മാറ്റി കൊച്ചിയിലെ കോസ്റ്റ് ഗാർഡ് മേഖലാ ആസ്ഥാനത്തേക്ക് സ്ഥലംമാറ്റി. സംഭവസമയത്ത് പൈലറ്റിനൊപ്പം സഹ പൈലറ്റും ക്യാമറ ക്രൂവും ഉൾപ്പെടെ മൂന്ന് പേർ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു.
ഇതേ ഉദ്യോഗസ്ഥൻ മുൻപ് കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ ഉപയോഗിച്ച് ശബരിമലയിലേക്കും ഗുരുവായൂരിലേക്കും യാത്രകൾ നടത്തിയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. നേരത്തെ, മോശം കാലാവസ്ഥയെത്തുടർന്ന് ഹെലികോപ്റ്ററിന്റെ ദിശ തെറ്റിയതാണെന്നായിരുന്നു കോസ്റ്റ് ഗാർഡ് നൽകിയ ഔദ്യോഗിക വിശദീകരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

