ആഗോളതലത്തിലെ പ്രതിസന്ധികളും കപ്പൽ ഉപരോധവും അമേരിക്കയെ പ്രതികൂലമായി ബാധിച്ച പശ്ചാത്തലത്തിൽ, സ്വന്തം താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി ചട്ടങ്ങളിൽ നിർണായക ഇളവുകൾ വരുത്തി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റഷ്യ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഇന്ധനം വലിയതോതിൽ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്ക് മേൽ 100% അധിക തീരുവ ചുമത്താൻ വ്യവസ്ഥ ചെയ്യുന്ന ലിൻഡ്സെ ഗ്രഹാം ബില്ലിൽ അദ്ദേഹം നേരത്തെ ഒപ്പുവെച്ചിരുന്നു.
എന്നാൽ യുഎസിൽ ഡീസൽ വില ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന നിരക്കിലേക്ക് എത്തിയതോടെ, നിലപാടിൽ മാറ്റം വരുത്തിയ ട്രംപ് റഷ്യയിൽ നിന്ന് ഡീസൽ വാങ്ങുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. പുതിയ നിയമം നിലനിൽക്കെ റഷ്യയിൽ നിന്ന് ഇന്ധനം ഇറക്കുമതി ചെയ്യുന്നത് സ്വന്തം രാജ്യത്തിന് മേൽ തീരുവ ചുമത്തുന്നതിന് തുല്യമാണെന്ന വിമർശനം സ്വന്തം പാർട്ടിയിൽ നിന്നുപോലും ഉയർന്നിരുന്നു.
ഈ സാഹചര്യത്തിലാണ് ബില്ലിന്റെ വ്യവസ്ഥകളിൽ പ്രസിഡന്റ് ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ യുഎസിനും ഇനി റഷ്യയിൽ നിന്ന് ഡീസലും എണ്ണയും തടസ്സമില്ലാതെ വാങ്ങാൻ സാധിക്കും.
ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കും ഈ നയമാറ്റം വലിയ ആശ്വാസമാകും. രാജ്യത്തിന്റെ താൽപ്പര്യങ്ങൾ മുൻനിർത്തി പ്രത്യേക അധികാരം ഉപയോഗിച്ചാണ് ഈ ഇളവുകൾ നൽകുന്നതെന്ന് ഡോണൾഡ് ട്രംപ് വ്യക്തമാക്കി.
മറ്റ് രാജ്യങ്ങൾക്ക് മേൽ ഉപരോധം ഏർപ്പെടുത്തുകയും സ്വന്തം രാജ്യത്തിനായി റഷ്യയിൽ നിന്ന് ഡീസൽ വാങ്ങുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണെന്ന ആക്ഷേപം ശക്തമായതിനെ തുടർന്നാണ് ഈ പുതിയ നീക്കം. ഗ്രഹാം ആക്ട് പ്രകാരമുള്ള ചില ഉപരോധങ്ങളും നിയന്ത്രണങ്ങളും തീരുവകളും ഒഴിവാക്കുകയാണെന്ന് യുഎസ് സമയം വെള്ളിയാഴ്ച രാത്രി പുറത്തിറങ്ങിയ ഔദ്യോഗിക ഉത്തരവിൽ വ്യക്തമാക്കുന്നു.
ദേശീയ താൽപ്പര്യം മുൻനിർത്തിയുള്ള ഈ തീരുമാനം യുഎസ് കോൺഗ്രസിനെ അറിയിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. ഈ തീരുമാനം താൽക്കാലികമാണെന്നും സാഹചര്യങ്ങൾക്ക് അനുസൃതമായി വ്യവസ്ഥകൾ പുനഃസ്ഥാപിക്കാൻ അധികാരം ഉണ്ടെന്നും വിലയിരുത്തപ്പെടുന്നു.
അന്തരിച്ച യുഎസ് സെനറ്റർ ലിൻഡ്സെ ഗ്രഹാമിന്റെ പേരിലുള്ള ബിൽ ഒക്ടോബർ 18നാണ് പ്രാബല്യത്തിൽ വരുന്നത്. ഇന്ത്യ, ചൈന, സ്ലോവാക്യ, ഹംഗറി, അസർബൈജാൻ എന്നീ അഞ്ച് രാജ്യങ്ങൾക്ക് മേൽ കനത്ത തീരുവയും ഉപരോധവും ചുമത്താൻ ലക്ഷ്യമിട്ടുള്ളതാണ് ഈ ബിൽ.
റഷ്യൻ പ്രസിഡന്റ് പുട്ടിൻ അടക്കമുള്ള പ്രമുഖർക്ക് മേൽ ഉപരോധം ഏർപ്പെടുത്താനും, റഷ്യയുടെ ‘ഷാഡോ ഫ്ലീറ്റ്’ സംവിധാനത്തെയും അവരെ സാമ്പത്തികമായി സഹായിക്കുന്ന കമ്പനികളെയും തടയാനും പ്രസിഡന്റിന് ഈ ബിൽ അധികാരം നൽകുന്നുണ്ട്. ഈ വ്യവസ്ഥകൾ കർശനമായി പാലിച്ച് ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യുഎസ് സെനറ്റർമാർ അടുത്തിടെ ആവശ്യപ്പെട്ടിരുന്നു.
റഷ്യയുമായുള്ള നയതന്ത്ര-വ്യാപാര ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ പുതിയ തീരുമാനമെന്നും നിരീക്ഷണങ്ങളുണ്ട്. റഷ്യൻ ഊർജകേന്ദ്രങ്ങൾക്ക് നേരെ ആക്രമണങ്ങൾ നടത്തരുതെന്ന് യുക്രെയ്നോട് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നെങ്കിലും, ഇരുരാജ്യങ്ങളും പരസ്പരം റിഫൈനറികൾ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ തുടരുകയാണ്.
നിലവിൽ യുഎസിലേക്കുള്ള ഇന്ത്യൻ ഉൽപന്നങ്ങൾക്ക് 10% തീരുവ ബാധകമാണ്. റഷ്യയിൽ നിന്ന് വാങ്ങുന്ന എണ്ണയ്ക്ക് 100 ശതമാനം അധിക തീരുവ കൂടി ചുമത്തിയിരുന്നെങ്കിൽ അത് ഇന്ത്യൻ കയറ്റുമതി മേഖലയ്ക്ക് കനത്ത ആഘാതമാകുമായിരുന്നു.
ഇത് ഇന്ത്യ-യുഎസ് വ്യാപാര കരാറിനെയും പ്രതികൂലമായി ബാധിക്കുമായിരുന്നു. നേരത്തെ റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരിൽ യുഎസ് ഇന്ത്യയ്ക്ക് മേൽ 25 ശതമാനം തീരുവ ചുമത്തിയിരുന്നു.
എന്നാൽ ട്രംപിന്റെ നിലപാട് മാറ്റം ഇന്ത്യയ്ക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. യുഎസിന്റെ സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരുമെന്നതാണ് ഇന്ത്യയുടെ ഔദ്യോഗിക നിലപാട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

