ട്രെയിനിനുള്ളിലെ തേഡ് എസി കോച്ചിൽ യാത്രക്കിടെ പരസ്യമായി പാൻ തയ്യാറാക്കുന്നയാളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. മുംബൈയിൽനിന്ന് ഛത്തീസ്ഗഢിലേക്ക് സർവീസ് നടത്തിയ ട്രെയിനിലാണ് ഈ അപൂർവ്വ സംഭവം അരങ്ങേറിയത്.
ട്രെയിനിലെ ലോവർ ബർത്തിൽ തുണികൊണ്ട് വിരിയിട്ട്, അതിനുമുകളിൽ പാൻ നിർമ്മിക്കാനാവശ്യമായ ചേരുവകൾ നിരത്തിവെച്ച് ഒന്നിനുപുറകെ ഒന്നായി പാനുകൾ തയ്യാറാക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. @indiain24hr എന്ന എക്സ് അക്കൗണ്ടിലൂടെ പുറത്തുവിട്ട
വീഡിയോയിൽ, ചുറ്റും ഇരിക്കുന്ന യാത്രക്കാർ ഇയാളുടെ ഈ പ്രവൃത്തി കൗതുകത്തോടെയും ആശങ്കയോടെയും വീക്ഷിക്കുന്നത് വ്യക്തമാണ്. വീഡിയോ ചിത്രീകരിച്ച യാത്രക്കാരന്റെ വിവരമനുസരിച്ച്, ഏകദേശം 20 മുതൽ 25 ഓളം പാനുകൾക്കുള്ള ഓർഡർ ലഭിച്ചതിനെത്തുടർന്നാണ് ഇയാൾ ബർത്തിലിരുന്ന് ഇവ തയ്യാറാക്കിയത്.
കടകളിൽ മാത്രം കണ്ടുവരുന്ന ഇത്തരം പ്രവർത്തനങ്ങൾ എസി കോച്ചുകൾക്കുള്ളിൽ നടക്കുന്നത് കണ്ട് യാത്രക്കാരും നെറ്റിസെൻസും കടുത്ത അത്ഭുതവും ഒപ്പം പ്രതിഷേധവും രേഖപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാർക്ക് വിശ്രമിക്കാനും ഉറങ്ങാനും മാത്രമുള്ള സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്ന ബർത്തുകളിൽ ഇത്തരം ഭക്ഷ്യവസ്തുക്കൾ പാകം ചെയ്യുന്നത് റെയിൽവേ ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണെന്നാണ് പൊതുവെയുള്ള വിമർശനം.
ശുചിത്വമില്ലാത്ത സാഹചര്യത്തിലാണ് പാൻ നിർമ്മിക്കുന്നതെന്നും, ഇത് മറ്റ് യാത്രക്കാരുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കൂടാതെ, പാൻ വാങ്ങി കഴിച്ച ശേഷം തുപ്പുന്നവർ ട്രെയിനിലെ ശുചിത്വം നശിപ്പിക്കുന്നതിനും തുല്യ ഉത്തരവാദികളാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്.
ഇത്തരം അനധികൃത വിൽപ്പന നടത്തുന്നവർക്കെതിരെ ഇന്ത്യൻ റെയിൽവേ കർശന നടപടി സ്വീകരിക്കണമെന്നും സാമൂഹിക മാധ്യമങ്ങളിൽ ആവശ്യമുയരുന്നുണ്ട്. റെയിൽവേ നിയമപ്രകാരം ട്രെയിനുകൾക്കുള്ളിൽ ഭക്ഷണവസ്തുക്കൾ വിൽക്കുന്നതിന് കർശനമായ ചട്ടങ്ങളും അംഗീകൃത സംവിധാനങ്ങളുമുണ്ട്.
എന്നാൽ ദൃശ്യങ്ങളിൽ കാണുന്ന വ്യക്തിക്ക് ഔദ്യോഗികമായി വിൽപ്പനാനുമതി ലഭിച്ചിരുന്നോ എന്ന കാര്യം ഇനിയും വ്യക്തമല്ല. സംഭവത്തിൽ ഇന്ത്യൻ റെയിൽവേ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

