കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസിൽ കൗതുകമുണർത്തുന്ന രീതിയിൽ ഇരട്ടക്കുട്ടികളുടെ ജന്മദിനാഘോഷം സംഘടിപ്പിച്ചു. കല്ലറയിൽ നിന്നും തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുന്ന പാലോട് ഡിപ്പോയുടെ ബസിലാണ് യാത്രക്കാരും ജീവനക്കാരും ചേർന്ന് കുട്ടികൾക്ക് നവ്യമായ അനുഭവം ഒരുക്കിയത്.
കല്ലറ ജിഎച്ച്എസ്എസിലെ ആറാം ക്ലാസ് വിദ്യാർഥിനികളായ ശിവനന്ദിനി, ശിവനന്ദിത എന്നിവരുടെ പിറന്നാളാണ് ബസിൽ ആഘോഷിച്ചത്. കല്ലറ സ്വദേശികളായ ആദർശ്, അമൃത എന്നിവരുടെ മക്കളാണ് ഈ കുട്ടികൾ.
ജോലി സംബന്ധമായ കാരണങ്ങളാൽ കുടുംബം മണ്ണന്തലയിലേക്ക് താമസം മാറിയെങ്കിലും തങ്ങൾ പഠിക്കുന്ന സ്കൂളും കൂട്ടുകാരെയും ഉപേക്ഷിക്കാൻ ഇവർ തയ്യാറായിരുന്നില്ല. ഇതേതുടർന്ന് എല്ലാ ദിവസവും സ്കൂളിൽ എത്തിച്ചേരുന്നതിന്റെ ഭാഗമായി ഇവർ കെഎസ്ആർടിസി ബസിലെ സ്ഥിരം യാത്രക്കാരായി മാറുകയായിരുന്നു.
ദിനംപ്രതിയുള്ള യാത്രയ്ക്കിടയിൽ ബസിലെ മറ്റ് യാത്രക്കാരുടെയും പ്രിയങ്കരികളായി ഈ ഇരട്ടകൾ മാറി. കുട്ടികളുടെ പിറന്നാൾ ദിനമാണെന്ന വിവരം അറിഞ്ഞതോടെ ജീവനക്കാർ വൈകുന്നേരത്തെ സർവീസിനായി പാലോട് ഡിപ്പോയിൽ നിന്ന് പുറപ്പെടുന്നതിന് മുൻപ് തന്നെ ബസ് ബലൂണുകളും വർണ്ണച്ചാർത്തുകളും കൊണ്ട് മനോഹരമായി അലങ്കരിക്കുകയായിരുന്നു.
കണ്ടക്ടർ എസ്. ശ്രീജ, ഡ്രൈവർ കുട്ടപ്പൻ ആശാരി എന്നിവരുടെ നേതൃത്വത്തിലാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്.
ബസിലെ മറ്റ് യാത്രക്കാരും ജീവനക്കാരും ചേർന്ന് കുട്ടികളെക്കൊണ്ട് കേക്ക് മുറിക്കുകയും തുടർന്ന് സഹയാത്രികർക്ക് മിഠായികൾ വിതരണം ചെയ്യുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

