സംസ്ഥാനത്ത് പ്രിയദർശിനി പദ്ധതി നിലവിൽ വന്നതു മുതൽ ഒക്ടോബർ 7 വരെയുള്ള 115 ദിവസം കൊണ്ട് ഏകദേശം 15 കോടി വനിത, ട്രാൻസ്ജെൻഡർ യാത്രക്കാർ സൗജന്യ യാത്രയുടെ പ്രയോജനം നേടിയതായി കണക്കുകൾ വ്യക്തമാക്കുന്നു. ആകെ 14,99,83,738 പേരാണ് ഈ കാലയളവിൽ സൗജന്യ യാത്രാസൗകര്യം ഉപയോഗപ്പെടുത്തിയത്.
പ്രതിദിനം ശരാശരി 13.05 ലക്ഷം വനിത/ട്രാൻസ്ജെൻഡർ യാത്രക്കാരാണ് ഈ പദ്ധതിയിലൂടെ സഞ്ചരിക്കുന്നത്. പദ്ധതി ആരംഭിക്കുന്നതിന് മുൻപുള്ള ഔദ്യോഗിക കണക്കുകൾ പ്രകാരം ഓർഡിനറി സർവീസുകളിലെ വനിതാ യാത്രക്കാരുടെ പ്രതിദിന ശരാശരി 6.48 ലക്ഷം മാത്രമായിരുന്നു.
എന്നാൽ പദ്ധതി വന്നതോടുകൂടി ഇതിൽ 101 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനുപുറമേ, വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിൽ 94 ശതമാനം വർധനവുണ്ടായതായും കണ്ടെത്തിയിട്ടുണ്ട്.
മുൻപ് ഇത്തരം കേന്ദ്രങ്ങളിലേക്ക് പ്രതിദിനം ശരാശരി 3128 വനിതാ യാത്രക്കാരുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ അത് 6061 ആയി ഉയർന്നതായി കെഎസ്ആർടിസി വ്യക്തമാക്കി. അതേസമയം, കെഎസ്ആർടിസിയിലെ എല്ലാ ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നതും, ഓർഡിനറി സർവീസുകൾ ലഭ്യമല്ലാത്ത പ്രദേശങ്ങളിൽ സ്വകാര്യ ബസുകളിലും ഈ ആനുകൂല്യം നൽകുന്നതും നിലവിൽ സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മന്ത്രി സി.പി.ജോൺ നിയമസഭയെ അറിയിച്ചു.
സൗജന്യ യാത്ര നിലവിൽ വന്നതിനെത്തുടർന്ന് സ്വകാര്യ ബസ് മേഖല നേരിടുന്ന പ്രതിസന്ധികൾ പഠിക്കാൻ നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് ഇപ്പോൾ സർക്കാരിന്റെ സജീവ പരിഗണനയിലാണ്. ഓർഡിനറി ബസുകളുടെ ലഭ്യത കൂടുതലുള്ള റൂട്ടുകളിൽനിന്ന് സർവീസുകൾ കുറവുള്ള ഉൾപ്രദേശങ്ങളിലേക്ക് ബസ് സർവീസുകൾ പുനഃക്രമീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

