കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പിന് സമീപമുള്ള പഴനിരത്ത് തിരുവഞ്ചേരിക്കാവ് മഹാദേവ ക്ഷേത്രത്തിൽ വിചിത്രമായ മോഷണം. ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണം കവരാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന്, അകത്തുണ്ടായിരുന്ന മൂന്ന് ചാക്ക് തേങ്ങയുമായി പതിനാലുകാരൻ കടന്നുകളയുകയായിരുന്നു.
കഴിഞ്ഞ ദിവസം പുലർച്ചെയാണ് സംഭവം അരങ്ങേറിയത്. പുലർച്ചെ 1.30-ഓടെ ക്ഷേത്രപരിസരത്ത് എത്തിയ കുട്ടി, ആദ്യം ഭണ്ഡാരത്തിന് സമീപം എത്തി പൂട്ട് തകർക്കാൻ പലതവണ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.
ഭണ്ഡാരം തുറക്കാൻ സാധിക്കാതെ വന്നതോടെ നിരാശനായ കുട്ടി അവിടെ നിന്നും പിന്തിരിഞ്ഞു. തുടർന്ന്, മതപരമായ ചടങ്ങുകൾക്കായി ക്ഷേത്ര വളപ്പിൽ സൂക്ഷിച്ചിരുന്ന മൂന്ന് ചാക്ക് തേങ്ങയെടുത്ത് കടന്നുകളയാൻ കുട്ടി തീരുമാനിക്കുകയായിരുന്നു.
ആ വഴി യാദൃശ്ചികമായി വന്ന ഓട്ടോറിക്ഷയിലാണ് തേങ്ങ കയറ്റി കൊണ്ടുപോയത്. സംഭവത്തെ തുടർന്ന് ക്ഷേത്ര ഭാരവാഹികളുടെ പരാതിയിൽ കൂത്തുപറമ്പ് പോലീസ് സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ഊർജിതമായ അന്വേഷണം ആരംഭിച്ചു.
ഈ അന്വേഷണത്തിലാണ് മോഷണത്തിന് പിന്നിൽ സമീപ പ്രദേശത്തുനിന്ന് രണ്ട് ദിവസം മുൻപ് വീട് വിട്ടിറങ്ങിയ പതിനാലുകാരനാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് നടത്തിയ തിരച്ചിലിൽ കുട്ടിയെ പോലീസ് കണ്ടെത്തുകയായിരുന്നു.
കൂടാതെ, വീട് വിട്ടിറങ്ങിയ ദിവസങ്ങളിൽ സമീപത്തുനിന്ന് ഒരു സൈക്കിളും മൊബൈൽ ഫോണും ഈ കുട്ടി മോഷ്ടിച്ചിരുന്നതായും പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

